ആറ് വർഷത്തിന് ശേഷം നോട്ട് നിരോധനം പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ്. കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുൻ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെടൽ.

റിസർവ് ബാങ്ക് ബോർഡ് യോഗത്തിന്റെ രേഖകൾ കേന്ദ്രസർക്കാരിന്റെ ശുപാർശ അടക്കം വിശദമായി സമർപ്പിക്കണമെന്നാണ് നിർദേശം. ഹർജികൾ അടുത്തമാസം ഒൻപതിന് വീണ്ടും പരിഗണിക്കും . നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ഹർജികളിൽ ആരോപിക്കുന്നു.

സർക്കാർ എടുക്കുന്ന നയപരമായ തീരുമാനങ്ങൾ പരിശോധിക്കുന്നതിൽ ജുഡീഷ്യറിക്കുള്ള ലക്ഷമണരേഖയെക്കുറിച്ച് അറിയാമെന്നും എങ്കിലും 2016-ലെ നോട്ട് നിരോധനത്തെ ഒരു അക്കാദമിക് വിഷയം മാത്രമായി കണ്ടു തള്ളാനാവില്ലെന്നും ജസ്റ്റിസ് എൻ.എ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഒരു പ്രശ്‌നം ഉയർന്നുവരുമ്പോൾ അതിൽ വ്യക്തത വരുത്തേണ്ട കടമ തങ്ങൾക്കുണ്ടെന്നും ബെഞ്ചിൽ നിന്നും പരാമർശമുണ്ടായി.

2016-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയിൽ എത്തിയിരുന്നു. എന്നാൽ ഏറെക്കാലം ഈ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണന കാത്ത് കിടന്നു. 2016 ഡിസംബറിലാണ് ആദ്യമായി ഈ ഹർജികൾ ഭരണഘടനാ ബെഞ്ചിന് മുൻപിലെത്തിയത്. എന്നാൽ ബെഞ്ചിൽ ഉൾപ്പെട്ട ജഡ്ജിമാർ വിരമിച്ചതിന് പിന്നാലെ ഈ ഹർജികൾ വീണ്ടും പെരുവഴിയിലായി.

ഒടുവിൽ മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ രണ്ട് മാസം മുൻപ് രൂപീകരിച്ച അ‍ഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഈ ഹർജികൾ എത്തുകയായിരുന്നു. നോട്ട് നിരോധനം കൂടാതെ മുന്നോക്ക വിഭാഗത്തിന് വരുമാന അടിസ്ഥാനത്തിൽ സംവരണം നൽകാമോ എന്ന വിഷയവും, ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയവും ബെഞ്ച് പരിഗണിക്കും.

കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരമാണ് ഇന്ന് വിഷയം ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഉന്നയിച്ചത്. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങളെടുക്കാൻ കൃത്യമായ ചട്ടവും നിയമനിർമ്മാണവും വേണമെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. 1978-ൽ നോട്ട് നിരോധനം നടപ്പാക്കിയത് ഈ രീതിയിലായിരുന്നുവെന്നും ചിദംബരം പറഞ്ഞു.

എന്നാൽ ഇത്തരം അക്കാദമിക് വിഷയങ്ങളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൻ്റെ വിലയേറിയ സമയം പാഴാക്കരുതെന്ന് ചിദംബരത്തിൻ്റെ വാദത്തെ എതിർത്ത് കൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഈ ഘട്ടത്തിലാണ് ഭരണഘടാ ബെഞ്ച് മുൻപാകെ ഒരു വിഷയം ഉന്നയിക്കപ്പെടുമ്പോൾ അതിലൊരു മറുപടി നൽകാൻ ബാധ്യതയുണ്ടെന്ന് മുതിർന്ന ജസ്റ്റിസ് എസ്.എ നസീർ മറുപടി നൽകിയതും തുടർന്ന് വിഷയത്തിൽ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും നോട്ടീസ് അയക്കാൻ ബെഞ്ച് നിർദേശിച്ചതും.

Advertisement