കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു.

ക്ഷാമബത്തയിൽ നാലുശതമാനത്തിന്റെ വർധന വരുത്താൻ കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

ഉത്സവസീസണിൽ 47.68 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കാണ് ഇത് പ്രയോജനം ചെയ്യുക. 68.62 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യം ലഭിക്കും. അടുത്ത മാസങ്ങളിൽ ലഭിക്കുന്ന ശമ്പളത്തിന്റെ കൂടെ കഴിഞ്ഞ മാസങ്ങളിലെ കുടിശ്ശിക ചേർത്ത് നൽകും.

എല്ലാവർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് കേന്ദ്രസർക്കാർ ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. എന്നാൽ തീരുമാനം സാധാരണയായി മാർച്ച്‌, സെപ്റ്റംബർ മാസങ്ങളിലാണ് ഉണ്ടാവാറ്.നേരത്തെ മാർച്ചിലാണ് ക്ഷാമബത്ത വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 34 ശതമാനമാണ് ക്ഷാമബത്ത. പുതിയ പരിഷ്‌കരണത്തോടെ, ക്ഷാമബത്ത 38 ശതമാനമായി ഉയരും.

Advertisement