വിവാദ പരാമർശവുമായി വീണ്ടും കോടതി: ‘ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പിച്ച ശേഷം ലൈംഗിക ബന്ധം സാധ്യമല്ല’

ന്യൂഡൽഹി: ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി പരാമർശം. പ്രായപൂർത്തിയായില്ലെന്ന് അവകാശപ്പെടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ആൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് മറ്റേയാളിന്റെ ആധാർ, പാൻ കാർഡുകളോ സ്‌കൂൾ രേഖകളോ പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ആധാർ കാർഡിൽ ജനനത്തീയതി 01.01.1998 ആണ്. താൻ പ്രായപൂർത്തിയാകാത്തയാളുമായാണ് ബന്ധപ്പെടുന്നതെന്ന് ഉറപ്പിക്കാൻ ഇതു മതിയാകുമെന്നും ജസ്റ്റിസ് ജസ്മീത് സിങ് ഉത്തരവിൽ പറയുന്നു.

പരാതിക്കാരിയുടെ വിവിധ സർട്ടിഫിക്കറ്റുകളിൽ വിവിധ ജനനത്തീയതികളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കണ്ടെത്തി. ആധാർ കാർഡിൽ ജനനത്തീയതി 1998 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ പ്രായപൂർത്തിയാകാത്ത ആളുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് കരുതാൻ സാധിക്കില്ല. 2019 മുതൽ 2021 വരെയുള്ള സമയത്താണ് പീഡനം നടന്നതെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിലാണ് പരാതി നൽകിയത്. പരാതി നൽകാൻ ഇത്രയും വൈകിയതിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഹണി ട്രാപ് പോലുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പരാതിയിൽ പറയുന്നതിൽ അപ്പുറം പല കാര്യങ്ങളും ഈ കേസിലുണ്ടെന്ന് സംശയമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ കോടതി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. ജനനത്തീയതി സംബന്ധിച്ചും വിശദമായി അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു. 20,000 രൂപയുടെ കെട്ടിവയ്ക്കാനും പൊലീസ് സ്റ്റേഷനിൽ കൃത്യമായി ഹാജരാകാനും നിർദേശിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

Advertisement