എ.ബി വാജ്പേയ് ചരമദിനം: പ്രണാമമർപ്പിച്ച്‌ പ്രധാനമന്ത്രിയും രാഷ്ട്രപതിയും


ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ചരമദിനത്തിൽ ഉപചാരമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ദ്രൗപദി മുർമുവും.

ഇരുവരോടുമൊപ്പം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും വാജ്‌പേയിയുടെ ഭൗതികശരീരമടക്കിയ സ്മൃതികുടീരമായ സദൈവ് അടലിൽ പുഷ്പങ്ങൾ അർപ്പിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരും അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. വാജ്പേയിയുടെ ദത്തുപുത്രിയായ നമിത കൗൾ ഭട്ടാചാര്യയും ഇവരോടൊപ്പം സന്നിഹിതരായിരുന്നു.

ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പേയ് രണ്ടു കാലഘട്ടങ്ങളിൽ ആയാണ് രാജ്യം ഭരിച്ചത്. കാർഗിൽ യുദ്ധത്തിൽ എടുത്ത ശക്തമായ നിലപാട്, ദശാബ്ദങ്ങളുടെ ഇടവേളക്കു ശേഷം ഒരു അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചത് എന്നിവയെല്ലാം വാജ്പേയിയുടെ വൈദ​ഗ്ദ്ധ്യം തെളിയിച്ച നടപടികളാണ്. 2018 ആഗസ്റ്റ് 16 നാണ് അദ്ദേഹം അന്തരിച്ചത്

Advertisement