കുറച്ചു സ്ഥലംകൂടി ബ്ളോക്ക് വിരിച്ചുകൂടേ കിഫ്ബിക്കാരേ

ശൂരനാട് തെക്ക്. പതാരം-ആഞ്ഞിലിമൂട് റോഡ് കിഫ്ബി പൂര്‍ത്തിയാക്കിയെങ്കിലും പ്രയോജനകരമായ സ്ഥലത്ത് ബ്‌ളോക്ക് വിരിച്ചില്ലെന്ന് ആക്ഷേപം. റോഡിലെ ചിലപ്രത്യേക സ്ഥലങ്ങളില്‍ മാത്രം വശത്ത് ബ്‌ളോക്ക് പാകിയിട്ടുണ്ട്. പതാരം -കെസിടി മുക്ക് റോഡില്‍ ഈ റോഡ് ചെന്നു ചേരുന്നിടം മുതല്‍ സ്‌കൂളിനുമുന്നില്‍വരെ ബ്‌ളോക്ക് പാകി.

എന്നാല്‍ തെക്കോട്ട് സ്‌കൂള്‍ കുട്ടികള്‍ ധാരാളമായി സഹകരിക്കുന്ന ഭാഗമാണ് കിണര്‍മുക്ക് വരെയുള്ള മേഖല ഇവിടെ ബ്‌ളോക്ക് വിരിക്കാനായി കുഴിച്ചിട്ട് പണി വേണ്ടന്നു വച്ച്‌പോവുകയായിരുന്നു. ഈ ഭാഗത്ത് കുട്ടികള്‍ തിരക്കുകൂട്ടി സൈക്കിള്‍ റോഡില്‍നിന്നും ഒതുക്കാനാവാതെ അപകടപ്പെടാനിടയുണ്ട്. ഓഡിറ്റോറിയവും കടകളും ഉള്ള ഇവിടെ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും അപകടസാധ്യതവര്‍ദ്ധിപ്പിക്കുന്നുണ്ട്. ബ്ളോക്ക് വിരിച്ചാല്‍ റോഡിന് കൂടുതല്‍ വീതി ലഭിക്കും. ഇവിടെകൂടി ബ്‌ളോക്ക് വിരിച്ച് അപകട രഹിതമാക്കണണെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതുപോലെ തന്നെ പരാതിയുള്ള ഭാഗമാണ് കുമരംചിറ ജംക്ഷന്‍. ഇവിടെ രണ്ടുറോഡുകള്‍ സംഗമിക്കുന്നിടവും താലൂക്കിലെതന്നെ പ്രമുഖ ക്ഷേത്രത്തിന്‍റെ മുന്‍ ഭാഗവുമാണ്. ഇവിടെ വശത്ത് കോണ്‍ക്രീറ്റ് ചെയ്ത് വീതി വര്‍ദ്ധിപ്പിക്കുമെന്നാണ് ജനം പ്രതീക്ഷിച്ചത്. ഒന്നും ചെയ്തിട്ടില്ല. വെള്ളമൊഴുകി ചാലായികിടക്കുകയാണ് റോഡിന്‍റെ ടാറിന് ചേര്‍ന്നഭാഗം. അതിനുതാഴേക്ക് പതാരത്തേക്കുള്ള റോഡിന്‍റെ വശത്തെ ഓട മൂടിയില്ലാതെ അപകടകരമായി കിടക്കുന്നതിനും പരിഹാരമില്ല. രാത്രി അപകടം ഏറെയാണ്.

Advertisement