ഉത്തര സൂചികയിൽ സംഭവിച്ച പിഴവ് വിദ്യാഭ്യാസ വകുപ്പിൻ്റെ പിടിപ്പ് കേട്,എന്‍ടിയു

കൊല്ലം: ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയത്തിൽ കെമിസ്ട്രി ഉത്തര സൂചികയിൽ സംഭവിച്ച പിഴവ് വിദ്യാഭ്യാസ വകുപ്പിൻ്റെ പിടിപ്പ് കേടാണന്ന് ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റി.


ചോദ്യപേപ്പർ നിർമ്മാണം മുതൽ മൂല്യനിർണ്ണയം വരെയുള്ള എല്ലാ ഘട്ടങ്ങളിലും താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട് . ചോദ്യങ്ങൾ തെറ്റായതും നിലവാരമില്ലാത്തതും ഒപ്ഷൻ പോലും തെറ്റിയതും ആയിരുന്നു എന്ന് പരീക്ഷ കഴിഞ്ഞ ഉടനെ ആരോപണം വന്നതാണ്.എന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പ്രശ്നത്തെ കണ്ടില്ല.അദ്ധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിനെ കൃത്യമായി വിലയിരുത്തി അംഗീകരിക്കുന്നതിൽ SCERT യുംപരാജയപ്പെട്ടു.

പിന്നീട് പന്ത്രണ്ടോളം അദ്ധ്യാപകർ ചർച്ച ചെയ്ത് തയ്യാറാക്കിയ ഉത്തര സൂചികയും പ്രശ്നങ്ങൾ നിറഞ്ഞതും തെറ്റായതുമാണ് എന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ വിദ്യാഭ്യസ കേരളത്തിന് തന്നെ നാണക്കേടാണ് . എൻട്രൻസ് കോച്ചിങ്ങിന് ലോബിയാണ് ചോദ്യപ്പേപ്പർ നിർമ്മാണത്തിൽ ഇടപെടുന്നത് എന്ന ആരോപണം ഗുരുതരമാണ് .


ചോദ്യപേപ്പർ നിർമ്മാണത്തിൽ മാത്രമല്ല ഉത്തരസൂചിക നിർമ്മാണത്തിലും അമ്പേ പരാജയപ്പെട്ട വിദ്യഭ്യാസ വകുപ്പ് ഇപ്പോൾ പരാജയം മറച്ചുവെക്കാൻ അദ്ധ്യാപകർക്കെതിരെ തിരിഞ്ഞിരിക്കുകയാണ് . വിമർശിക്കുന്ന അദ്ധ്യാപകർക്കെതിരെ നടപടി എടുത്തും കുട്ടികളുടെ ഭാഗത്ത് നിന്ന് മൂല്യനിർണ്ണയത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയും മുന്നോട്ട് പോകാനാവില്ല എന്നും എൻ.ടി .യു വ്യക്തമാക്കി.
വിദ്യാഭ്യാസ ഭരണ വകുപ്പിൻ്റെ കെടുകാര്യസ്ഥതക്ക് കുട്ടികളേയും അദ്ധ്യാപകരേയും ബലിയാടാക്കുന്നതിൽ എൻ.ടി .യു പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് പാറം കോട് ബിജു അറിയിച്ചു.

Advertisement