വിവാഹമോചനങ്ങൾ ഏറുമ്പോൾ ആദ്യം പിരിഞ്ഞ് പിന്നീട് മക്കൾക്കു വേണ്ടി ഒന്നിച്ച പ്രിയാരാമനും രഞ്ജിത്തിനും കയ്യടിച്ച്‌ സോഷ്യൽ മീഡിയ

വിവാഹം വളരെ പരിപാവനമായ അതിലേറെ ദൃഡതയുള്ള ഒരു ബന്ധമാണ്. എന്നാൽ, ഇക്കാലത്ത് വിവാഹിതരായി എന്നുകേട്ട് അധികം വൈകാതെ തന്നെ വിവാഹ മോചിതരായി എന്നും കേൾക്കുന്നത് ഏറി വരികയാണ്.

ജീവിതത്തിലെ അഡ്ജസ്റ്റുമെന്റ് , പരസ്പര വിശ്വാസം ഇവയൊക്കെ വളരെ വേഗത്തിലാണ് തകരുന്നത്. ഒരു കുഞ്ഞുണ്ടായ ശേഷമാണ് ഈ പിരിയലെങ്കിൽ ആ കുഞ്ഞിന്റെ ഭാവി കൂടി അവിടെ തകർക്കപ്പെടുകയാണ്.

വരുംവരായ്കകൾ വളരെ വ്യക്തമായിത്തന്നെ അറിയാമെങ്കിലും വിവാഹ മോചനങ്ങൾക്ക് യാതൊരു കുറവുമില്ല. അടുത്തറിയുന്നവർ മുതൽ എപ്പോഴും വീട്ടിലെ അംഗങ്ങളെപ്പോലെ കാണപ്പെടുന്ന സിനിമാ സീരിയൽ താരങ്ങളുടെ കാര്യമെടുത്താലും ഇങ്ങനെതന്നെ.

ഇവർക്കിടയിൽ അൽപ്പം വ്യത്യസ്തരായവരാണ് നടി പ്രിയാ രാമനും നടൻ രഞ്ജിത്തും. പരസ്പരം പൊരുത്തപ്പെടാൻ വയ്യാതായപ്പോൾ പതിവുപോലെ വേർ പിരിഞ്ഞു. എന്നാൽ, മക്കളെക്കുറിച്ച്‌ ചിന്തിച്ചതിലൂടെ വീണ്ടും ഒന്നിച്ചു.

വിവാഹമോചനത്തിന് ശേഷം രഞ്ജിത്ത് മറ്റൊരു വിവാഹം കഴിക്കുകയും ആ വിവാഹത്തിൽ നിന്നും പൂർണ്ണ പരാജയം ഏറ്റു വാങ്ങുകയും ആണ് ചെയ്തതത്. അവിടെയും പ്രിയരാമൻ മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ പോയിരുന്നില്ല. കുട്ടികളെ മാത്രം വിചാരിച്ചു കൊണ്ട് മികച്ച ഒരു ജീവിതം നയിക്കുകയായിരുന്നു അവർ ചെയ്തിരുന്നത്. പിരിയൽ എന്ന് പറയുന്നത് തനിക്ക് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യം ആയിരുന്നു എന്ന് പലവട്ടം പ്രിയ തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

അങ്ങനെയിരിക്കെ ഒരു അവാർഡ് വേദിയായിരുന്നു ഇരുവരുടെയും പുനർ സംഗമത്തിലേയ്ക്ക് വഴിവെച്ചത്. പഴയ ഭർത്താവ് തന്നെ വീണ്ടും താരത്തിന് അവാർഡ് നൽകിയ ആ വേദിയിൽ വച്ച്‌ വളരെ നാടകീയമായ രീതിയിൽ ഒരു റോസാപ്പൂ തന്റെ ആദ്യഭാര്യയ്ക്ക് നേരെ അദ്ദേഹം നീട്ടുകയായിരുന്നു.

യാതൊരു പരിഭവവുമില്ലാതെ അത് വാങ്ങുകയും പിന്നീട് പ്രിയപ്പെട്ടവന്റെ നെഞ്ചിലേക്ക് ചായുകയും ആയിരുന്നു പ്രിയ രാമൻ ചെയ്തത്. അതോടെ ആരാധകർക്ക് ഉറപ്പായി, ഇരുവരും ഒരുമിച്ച്‌ ചേരും എന്നുള്ള കാര്യം. ആ സമാഗമത്തിന്‌ വീണ്ടും കുറെ നാളുകൾ എടുത്തിരുന്നു എന്നു മാത്രം. കുട്ടികളെ കാണുവാൻ വേണ്ടി പലപ്പോഴും രഞ്ജിത് എത്തിയിരുന്നു.

അത്രവേഗമൊന്നും നടക്കുന്നതല്ലെങ്കിലും ചിലരിലെങ്കിലും ഇത്തരത്തിൽ പിരിഞ്ഞ് വർഷങ്ങൾക്കു ശേഷം ഒന്നാകണമെന്ന മോഹം ഉദിക്കാറുണ്ട്. പക്ഷേ, അപ്പോഴേയ്ക്കും കുടുംബക്കാർ അതിന് അനുവദിക്കാറില്ലെന്നു മാത്രം.

Advertisement