നിര്‍ദിഷ്ട വണ്ടിപ്പെരിയാര്‍- ഭരണിക്കാവ് ദേശീയപാത- ചവറയ്ക്ക് നീട്ടാന്‍അംഗീകാരം

Advertisement

കൊല്ലം. നിര്‍ദിഷ്ട വണ്ടിപ്പെരിയാര്‍- ഭരണിക്കാവ ദേശീയപാത- ചവറയ്ക്ക് നീട്ടാന്‍ അംഗീകാരം.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് വികസനത്തിന് വഴി തുറന്നത്.
ഭരണിക്കാവ്–ടൈറ്റാനിയം റോഡ് 17 കിലോമീറ്റര്‍ ആണ് ദേശീയപാത 183 എ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് കുന്നത്തൂര്‍, ചവറ മണ്ഡലങ്ങളുടെ വികസനക്കുതിപ്പിന് വേഗമേറ്റും.

നിലവില്‍ ഭരണിക്കാവ് മുതല്‍ -വണ്ടിപ്പെരിയാര്‍ വരെ ദേശീയപാത ആയി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിനായി അലൈമെന്റും തയാറാക്കി. ഭൂമി ഏറ്റെടുക്കല്‍ നടപടിയും അന്തിമഘട്ടത്തിലാണ്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ദേശീയപാതയില്‍ നിന്നും ശബരിമലക്കുള്ള പ്രധാന റോഡ് എന്ന പരിഗണനയില്‍ ആണ് ടൈറ്റാനിയം മുതല്‍ കിഴക്കോട്ട് റോഡ് വികസനത്തിന് നടപടി ആയത്. ഭരണിക്കാവ് മുതല്‍ ചവറ ടൈറ്റാനിയം വരെ 17 കിലോമീറ്റര്‍ ദൂരമാണുള്ളത് നിലവില്‍ സംസ്ഥാന പാതയാണ് ഇതിനിടെ ഭരണിക്കാവ്– ടൈറ്റാനിയം റോഡ് വികനത്തിന്റെ ഭാഗമായി പിഡബ്ലൂഡി ദേശീയപാത കൊല്ലം ഡിവിഷന്‍ നേതൃത്വത്തില്‍ കിറ്റ്ക്കോ കണ്‍സള്‍ട്ടന്റ് ഏജന്‍സി സാധ്യത പഠനം നടത്തി അലൈമെന്റ് തയാറാക്കിയിരുന്നു. റോഡിനെ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ആയതോടെ ഈ അലൈമെന്റ് ഉപകരിക്കും.

ഇനി വേണ്ടത് അലൈമെന്റ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിക്കല്‍ ആണ്. തുടര്‍ന്ന് വിശദ പദ്ധതി തയാറാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മാണ ചെലവ് നിര്‍വഹിക്കും . ഭരണിക്കാവില്‍ നിന്നാരംഭിച്ച് ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ചേന്നങ്കരമുക്ക്, പുത്തന്‍ച്ചന്ത വഴി ടൈറ്റാനിയത്തില്‍ എത്തിച്ചേരുന്ന റോഡ് ദേശീയപാത 66 മായാണ് കൂട്ടിമുട്ടുന്നത്. ഇതിനൊപ്പം പത്തനംതിട്ടയില്‍ ളാഹ, ഇലവുംങ്കല്‍ വഴി പമ്പ റോഡും ദേശീയപാത 183 എ നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.


നിര്‍ദിഷ്ട ഭരണിക്കാവ്–ടൈറ്റാനിയം ദേശീയപാത 183 എ യാഥാര്‍ഥ്യമാവുന്നതിന് ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നത് പ്രധാന തടസമാവും. ആഞ്ഞിലിമൂട് മുതല്‍ ചവറ ടൈറ്റാനിയം വരെ പലയിടത്തും റോഡ് വല്ലാതെ ഇടുങ്ങിയതാണ്. എട്ടുവര്‍ഷംമുമ്പ് നടന്ന റോഡ് വികസനത്തിലും സര്‍ക്കാര്‍ പുറമ്പോക്ക് പിടിച്ചെടുത്തിട്ടില്ല. പലയിടത്തും വാഹന ഗതാഗതത്തിന് ഇടമില്ലാതെ റോഡ് കൈയേറ്റമുണ്ട്.
ഇവിടെ. ഭൂമിയുടെ ലഭ്യത അനുസരിച്ചാവും 30-45 മീറ്റര്‍ വരുന്ന നാലുവരി പാത വേണോ 15-16 മീറ്റര്‍ വരുന്ന രണ്ടുവരിപ്പാത മതിയോ എന്ന് തീരുമാനിക്കുക. നിലവിലുള്ള റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചും റോഡിലേക്കുള്ള കടകളുടെ ഇറക്കും മതിലുകളും നീക്കം ചെയ്ത് സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കലാവും ആദ്യം ചെയ്യുക. പലയിടത്തും അതിര്‍ത്തിനിശ്ചയിച്ച് പിഡബ്ലൂഡി സ്ഥാപിച്ചിട്ടുള്ള കല്ലുകള്‍ നഷ്ടമായി.

Advertisement