ശാസ്‌താംകോട്ട:അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മൈനാഗപ്പള്ളി പോസ്റ്റ് ഓഫീസ് അടിയന്തരമായി നവീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.തിരുവനന്തപുരത്തെ പോസ്റ്റൽ ആസ്ഥാനത്ത് കേരള പോസ്റ്റൽ സർക്കിൾ ഡിപിഎസുമായി നടത്തിയ ചർച്ചയിലാണ് എം.പി ഈ ആവശ്യം ഉന്നയിച്ചത്.
മൈനാഗപ്പള്ളി പോസ്റ്റ് ഓഫീസിന്റെ നിലവിലെ സാഹചര്യത്തിൽ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പ്രത്യേക പരിഗണനയും അനുമതിയും ലഭ്യമാക്കേണ്ടതുണ്ട്.ഇതുസംബന്ധിച്ച നിർദേശം പോസ്റ്റൽ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നവീകരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇടപെടുമെന്നും എം.പി അറിയിച്ചു.പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ മികച്ച തപാൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പോസ്റ്റ് ഓഫീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സമയബന്ധിതമായി നടപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

































