മാനവും മനവും നിറഞ്ഞ് പൂരോന്മാദം, കൊല്ലം പൂരം പൂത്തുവിടര്‍ന്നു

കൊല്ലം.വേണാടിന് പൂരാമോദം പകർന്ന് കൊല്ലം പൂരം. നെറ്റിപ്പട്ടവും ആലവട്ടവും ചാമരവുമായി നിരന്ന ഗജവീരൻമാർക്കുമേല്‍ ഒരുക്കിയ കുടമാറ്റം കാണാൻ ആശ്രാമം മൈതാനത്ത് പതിനായിരങ്ങൾ ആണ് എത്തിയത്.

വേനലിന്‍റെ ആലസ്യം വിട്ടുണരുകയായിരുന്നു കൊല്ലം, വർണവും താളവുമൊരുക്കിയ ലയവിന്യാസത്തിന്റെ കുടമാറ്റം. ആനപ്പുറത്ത് കലാരൂപങ്ങൾ.
ആനയും ആരവവും നിറഞ്ഞ ആഘോഷക്കാഴ്ച കാത്തിരുന്ന പൂരപ്രേമികളുടെയും ജനങ്ങളുടെയും മനം നിറച്ച് കൊല്ലം പൂരം പെയ്തിറങ്ങി.

കൊട്ടിക്കയറുന്ന പാണ്ടിമേളം. കാഴ്ചയിൽ അലി‍ഞ്ഞ് ജനക്കൂട്ടം സ്വയം മറന്നു നിന്നു. ക്ഷേത്ര സന്നിധിയിലും ആശ്രാമം മൈതാനത്തും നടന്ന കുടമാറ്റം തിങ്ങിനിറഞ്ഞ ആയിരങ്ങളെ പൂരലഹരിയിലാക്കി.

ആശ്രാമം മൈതാനത്തെ ആവേശക്കൊടുമുടിയിലെത്തിച്ച് താമരക്കുളം മഹാഗണപതിയും പുതിയകാവ് ദേവിയും മുഖാമുഖം അണിനിരന്ന കുടമാറ്റം.
ഇരുവിഭാഗങ്ങളും മേളത്തിനൊത്ത് വ്യത്യസ്തവർണങ്ങളിലുള്ള കുടകളുയർത്തി കാണികളെ ആവേശംകൊള്ളിച്ചു.

വ്യത്യസ്തനിറങ്ങളിലുള്ള കുടകൾക്കിടയിലെ രൂപങ്ങൾ പൂരപ്രേമികൾക്ക് കാഴ്ചയുടെ നവ്യാനുഭവം പകർന്നു.താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം നിരന്നതോടെ ആശ്രാമം മൈതാനം പൂരപ്പറമ്പായി.

വിസമയക്കാഴ്ചയേകി നെറ്റിപ്പട്ടം ചാര്‍ത്തിയ മുപ്പത് ഗജവീരന്മാര്‍ അണിനിരന്ന കുടമാറ്റം ആവേശം പകർന്നു. വിവിധ രൂപങ്ങളിലുള്ള കുടകള്‍ പിന്നീട് ഇരുവിഭാഗവും നിവര്‍ത്തിയത് വിസ്മയക്കാഴ്ചയായി.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മുകളിൽ വെഞ്ചാമരവും ആലവട്ടവും വീശുന്ന കാഴ്ച കാണികൾക്ക് ഹരമായി.

Advertisement