കാഷ്യൂ കോർപ്പറേഷൻ ഫാക്ടറികളിൽ ഇലക്ട്രോണിക് ത്രാസ് സംവിധാനം ആരംഭിച്ചു.


കൊല്ലം. കശുവണ്ടി മേഖലയിൽ ഷെല്ലിംഗ്, പീലിംഗ് , ഗ്രേഡിങ് വിഭാഗങ്ങളിൽ പരിപ്പ് തൂക്കി ജോലിക്ക് നൽകുന്നതിനും, തിരിച്ച് തൊഴിലാളികളിൽ നിന്നും പരിപ്പ് തൂക്കി എടുക്കുന്നതിനുമുള്ള ഇലക്ട്രോണിക് വെയിംഗ് സംവിധാനം ആരംഭിച്ചു. ഇതിൻ്റെ ഔപചാരിക ഉദ്ഘാടനം കോർപ്പറേഷൻ്റെ പാരിപ്പള്ളി ഫാക്ടറിയിൽ ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു. ഷെല്ലിംഗിൽ ജോലിചെയ്ത 2 തൊഴിലാളികളുടെ 22 കിലോ പരിപ്പ് തൂക്കി എടുത്തുകൊണ്ടാണ് ചെയർമാൻ ഉദ്ഘാടനം നിർവഹിച്ചത്.

തൊഴിലാളികൾ ചെയ്യുന്ന ജോലി കൃത്യമായി രേഖപ്പെടുത്തി കൂലി ലഭിക്കാൻ ഉള്ള സാഹചര്യം കശുവണ്ടി ഫാക്ടറികളിൽ ഇല്ല എന്ന ആക്ഷേപം പൊതുവേ കശുവണ്ടി മേഖലയിൽ നിലനിൽക്കുന്നുണ്ട്. ഒരു മോഡൽ സ്ഥാപനം എന്ന നിലയിൽ കാഷ്യൂ കോർപ്പറേഷൻ ഇലക്ട്രോണിക്സ് ത്രാസ് കൂടി നൽകി ചെയ്യുന്ന ജോലിക്ക് തൂക്കത്തിൽ കൃത്യത വരുത്തി, കൊടുക്കുന്ന തോട്ടണ്ടിക്കും പരിപ്പിനും കൃത്യത ഉറപ്പാക്കിക്കൊണ്ട്, കൂടുതൽ സുതാര്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ നടന്നു വരുന്നതിൻ്റെ ഭാഗമായിട്ടാണ് കാഷ്യൂ കോർപ്പറേഷൻ്റെ 30 ഫാക്ടറികളിലും ഇലക്ട്രോണിക് ത്രാസ് സ്ഥാപിച്ചത്. കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള 30 ഫാക്ടറികളിലും ഇനിമുതൽ ഇലക്ട്രോണിക് ത്രാസ്സിലൂടെയാണ് പരിപ്പ് തൊഴിലാളികളിൽ നിന്ന് തൂക്കി എടുക്കുകയും, ജോലിക്ക് പരിപ്പ് തൂക്കി നൽകുകയും ചെയ്യുന്നത്.

തദവസരത്തിൽ എംഡി ഡോ. രാജേഷ് രാമകൃഷ്ണൻ ഭരണസമിതി അംഗങ്ങളായ ജി ബാബു, അഡ്വ. ശൂരനാട് എസ് ശ്രീകുമാർ , ബി.സുജിന്ദ്രൻ, സജി.ഡി ആനന്ദ്, മെറ്റീരിയൽസ് മാനേജർ സുനിൽ ജോൺ , പേഴ്സണൽ മാനേജർ അജിത്ത് എസ്സ്, ഫിനാൻസ് മാനേജർ രാജ ശങ്കരപിള്ള, പ്രൊഡക്ഷൻ മാനേജർ എ ഗോപകുമാർ, ഫാക്ടറി മാനേജർ , ജീവനക്കാർ, തൊഴിലാളികൾ എന്നിവരും സംബന്ധിച്ചു.

Advertisement