ചട്ടമ്പിസ്വാമികൾ അറിവിന്റെ പ്രതിഷ്ഠാപകൻ :പ്രഭാകരാനന്ദ സരസ്വതി

Advertisement

പന്മന: ആത്മീയലോകത്തിനും ഭൗതികലോകത്തിനും ഉപയോഗപ്രദമായ അറിവിനെ പ്രതിഷ്ടിക്കുകയാണ് ചട്ടമ്പിസ്വാമികൾ ചെയ്തതെന്ന് അയ്യപ്പസേവാശ്രമം മഠാധിപതി സ്വാമി പ്രഭാകരാനന്ദ സരസ്വതി. പന്മന ആശ്രമത്തിൽ മഹാഗുരു ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയുടെ ഭാഗമായ മഹാഗുരുസാരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്യാസികൾ കേരളത്തിൽ കുറഞ്ഞുവരുന്നത് നമ്മുടെ ധർമസംസ്കാരത്തിനു ദോഷം ചെയ്യും. മഹാഗുരുവിനെ പ്പോലെ ജീവിതധർമം ഉപദേശിക്കാൻ യഥാർത്ഥ സന്യാസിമാർഉണ്ടാകണമെന്നും അവർ ലൗകിക പ്രലോഭനങ്ങളിൽ നിന്ന് മുക്തരായിരിക്കണമെന്നും പ്രഭാകരാനന്ദ സരസ്വതി പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിൽ മഹാഗുരു നടത്തിയ വേദാധികാര പ്രതിഷ്ഠാപനമാണ് നവോത്‌ഥാനകേരളത്തിന്‌ അടിത്തറയിട്ടതെന്നു സ്വാമി നിഗമാനന്ദ തീർത്ഥപാദർ അഭിപ്രായപ്പെട്ടു.സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി, മാതാജി വസന്താനന്ദ സരസ്വതി,അഡ്വ. സി. പി സുധീഷ് കുമാർ, ഡോ. ഗിരിജ ദേവി എന്നിവർ പ്രസംഗിച്ചു. ചട്ടമ്പിസ്വാമി ദർശനത്തിൽ പി. എച്ച് ഡി നേടിയ ഡോ.ബിനിഷ്മയെ ആദരിച്ചു. പ്രൊഫ. സി. ശശിധരകുറുപ്പ് സ്വാഗതവും എം. ആർ. അരുൺരാജ് നന്ദിയും പറഞ്ഞു. തുടർന്ന് ഓട്ടൻ തുള്ളൽ, ആനന്ദ സത്സംഗം, പറയൻ തുള്ളൽ എന്നിവ നടന്നു. കുരമ്പാല പടേനി കളരി അവതരിപ്പിച്ച പടയണി പന്മനയുടെ മണ്ണിൽ പുതുമ പകർന്നു.

Advertisement