ജങ്കാറുകൾ സഞ്ചാരയോഗ്യമാക്കിമണ്‍ട്രോത്തുരുത്തിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന് കൊടിക്കുന്നില്‍

മൺട്രോതുരുത്ത്. ജങ്കാര്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് യാത്രാക്ലേശം കൊണ്ട് ബുദ്ധിമുട്ടുന്ന മണ്‍ട്രോത്തുരുത്തിലെ യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

പെരുമണില്‍ നിന്ന് പേഴുംതുരുത്തിലേക്കും കണ്ണങ്കാട് പാലത്തിന് സമീപത്തു നിന്ന് പടിഞ്ഞാറെ കല്ലടയിലേക്കും രണ്ട് ജങ്കാര്‍ സര്‍വ്വീസുകളാണ് ഫിറ്റ്നസിന്‍റെ പേരില്‍ സര്‍വ്വീസ് നിര്‍ത്തി വച്ചിരിക്കുന്നത്.താനൂരിലെ ബോട്ടപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍വ്വീസ് ബോട്ടുകളുടേയും ജങ്കാറുകളുടേയും പരിശോധനയുടെ അടിസ്ഥാനത്തില്‍ മണ്‍ട്രോത്തുരുത്തിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ജങ്കാറുകള്‍ക്ക് വേണ്ടത്ര കാര്യക്ഷമതയില്ലെന്ന പേരിലാണ് നിര്‍ത്തലാക്കിയത്.

മണ്‍ട്രോത്തുരുത്തിലെ ഭൂരിഭാഗം ജനങ്ങളും ജങ്കാര്‍ സര്‍വ്വീസുകള്‍ വഴിയാണ് പടിഞ്ഞാറെ കല്ലട,ശാസ്താംകോട്ട,കൊല്ലം,കുണ്ടറ എന്നിവിടങ്ങളില്‍ എത്തിയിരുന്നത്.യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്.നിലവിലുള്ള ജങ്കാറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കി സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാന്‍ ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

Advertisement