ഭിക്ഷക്കാരൻ്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ കോഴിക്കൂട്ടിൽ ഒളിപ്പിച്ചു…അറസ്റ്റ്…..2.15 ലക്ഷം രൂപ കണ്ടെടുത്തു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ ഭിക്ഷാടനക്കാരനിൽ നിന്നും പണം അപഹരിച്ച സെക്യൂരിറ്റി ജീവനക്കാരനെ കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു.

 കരുനാഗപ്പള്ളിയിൽ ഭിക്ഷാടനം നടത്തിവന്ന സുകുമാരൻ നായർ (74) രാത്രിയിൽ കരുനാഗപ്പള്ളി പടനായർക്കുളങ്ങര ക്ഷേത്രത്തിൻ്റെ മണ്ഡപത്തിലാണ്  കഴിഞ്ഞു വരുന്നത്. ഇദ്ദേഹവുമായി പരിചയത്തിലായ ക്ഷേത്രത്തിൻ്റെ സമീപമുള്ള സ്വർണ്ണ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഭാണ്ടത്തിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുക ആയിരുന്നു.

പണം നഷ്ടപ്പെട്ടതറിഞ്ഞ് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ആർ.മുരളി, കമ്മിറ്റി അംഗം ഹരി എന്നിവരെ സുകുമാരൻ നായർവിവരം ധരിപ്പിച്ചതിനെ തുടർന്ന് പോലിസിൽ പരാതിപ്പെടുകയാണുണ്ടായത്.കഴിഞ്ഞ ഒരു മാസക്കാലത്തെ അന്വേഷണത്തിനൊടുവിൽ സമീപത്തുള്ള സ്വർണ്ണക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചവറ സ്വദേശി മണി ലാലാണ്(55) പണം അപഹരിച്ചതെന്ന് കണ്ടെത്തുക ആയിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടേകാൽ ലക്ഷം രൂപ പോലീസ് കണ്ടെത്തി.

ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.കരുന്നാഗപ്പള്ളി സി.ഐ.ബിജുവിൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അന്വേഷണം നടത്തിയത്.

Advertisement