‘എന്റെ കേരളം പ്രദര്‍ശന വിപണനമേള’ കൊല്ലത്ത് മെയ് 18 മുതല്‍

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആശ്രാമം മൈതാനിയില്‍ മെയ് 18 മുതല്‍ 24 വരെ ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള’ നടക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാരിന്റെ വികസന- ജനക്ഷേമ- സേവനപ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഒപ്പം വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഫുഡ് കോര്‍ട്ടുകളും ഒരുക്കുന്നു. വിസ്മയ- കൗതുക കാഴ്ചകള്‍ക്കൊപ്പം പ്രഗത്ഭ കലാകാരന്മാരുടെ സാന്നിധ്യവും മേളയെ അവിസ്മരണീയമാക്കും. പ്രവേശനം സൗജന്യം.

മെയ് 18ന് വൈകിട്ട് നാലിന് സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിന്ന് വര്‍ണാഭമായ ഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും. 4.30ന് ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയിലെ സ്ഥിരംവേദിയില്‍ ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. സംഘാടകസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ സ്വാഗതം പറയും. എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, ഡോ സുജിത്ത് വിജയന്‍ പിള്ള, കെ ബി ഗണേഷ് കുമാര്‍, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ മെറിന്‍ ജോസഫ്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം ആര്‍ ബീനാറാണി, സംഘാടക സമിതി വൈസ് ചെയര്‍മാനായ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ഹസന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു നന്ദി പറയും.

എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് പ്രദര്‍ശന-വിപണന മേള. 42000 സ്‌ക്വയര്‍ഫീറ്റില്‍ ശീതീകരിച്ച 200 ലധികം സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സേവനങ്ങളും 80 സ്റ്റാളുകളില്‍ അവതരിപ്പിക്കുന്നു. 131 കമേഴ്സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉത്പന്ന പ്രദര്‍ശനവും ന്യായവിലയ്ക്കുള്ള വില്‍പനയും നടത്തും.

*മേളയില്‍ സൗജന്യ സേവനങ്ങള്‍*
മേളയില്‍ ഏഴു ദിവസങ്ങളിലായി വിവിധ സര്‍ക്കാര്‍- പൊതുമേഖലാ വകുപ്പുകള്‍ മുഖേന പൊതുജനങ്ങള്‍ക്കായി സൗജന്യ സേവനങ്ങള്‍ ഒരുക്കുന്നു. ആധാര്‍ ബയോമെട്രിക്, ഡെമോഗ്രാഫിക് അപ്ഡേഷന്‍, ആധാര്‍ കാര്‍ഡ് പ്രിന്റിംഗ്, ആധാര്‍ എന്റോള്‍മെന്റ്, ബയോമെട്രിക് മസ്റ്ററിംഗ്, പ്രമേഹ, ബി.പി, ഹീമോഗ്ലോബിന്‍ പരിശോധന, ഒ.പി രജിസ്ട്രേഷന്‍ കൗണ്ടര്‍ (ഹോമിയോ), അനീമിയ പരിശോധന, മണ്ണ് പരിശോധന, കുടിവെള്ളം ഗുണനിലവാര പരിശോധന, പാരന്റിംഗ്- ന്യൂട്രീഷ്യന്‍ കൗണ്‍സിലിംഗ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, പുതുക്കല്‍, തൊഴില്‍മേള, ജോബ് പോര്‍ട്ടല്‍ രജിസ്ട്രേഷന്‍, വൈ.ഐ.പി 5.0 സ്പോട്ട് രജിസ്ട്രേഷന്‍ തുടങ്ങിയ ഒട്ടേറെ സേവനങ്ങള്‍ സൗജന്യമാണ്.
കൃഷി-മൃഗസംരക്ഷണം, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എക്സൈസ്, ആരോഗ്യം, തുടങ്ങി 44 വകുപ്പുകളുടെ പ്രത്യേക പ്രദര്‍ശനവുമുണ്ട്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നിവയാണ് ഈ വര്‍ഷത്തെ പ്രമേയം. യുവജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ കേന്ദ്രീകരിച്ച യൂത്ത് സെഗ്മെന്റാണ് മറ്റൊരു പ്രത്യേകത. വേറിട്ട രുചികളുമായി കുടുംബശ്രീ നേതൃത്വം നല്‍കുന്ന ഫുഡ് കോര്‍ട്ടും മുഖ്യ ആകര്‍ഷണമാകും.

കേരളം ഒന്നാമത് പ്രദര്‍ശനം, കിഫ്ബി വികസന പ്രദര്‍ശനം, ടൂറിസം പവലിയന്‍, ബി.ടു.ബി മീറ്റ്, സെമിനാറുകള്‍, അമ്യൂസ്മെന്റ് ഏരിയ, ഡോഗ് ഷോ, 360 ഡിഗ്രി സെല്‍ഫി ബൂത്ത്, സ്പോര്‍ട്സ് ഏരിയ, തല്‍സമയ മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ആക്ടിവിറ്റി കോര്‍ണറുകള്‍ തുടങ്ങിയവയും മേളയുടെ മാറ്റുകൂട്ടും.

ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ കിഫ്ബിയുടെ പങ്കാളിത്തത്തോടെ ജില്ലാ ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തീം സ്റ്റാളുകള്‍, തത്സമയ സേവനം നല്‍കുന്ന സ്റ്റാളുകള്‍, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിപണന സ്റ്റാളുകള്‍, കുടുംബശ്രീ ഏകോപിപ്പിക്കുന്ന ഫുഡ്കോര്‍ട്ട്, സമ്മേളനങ്ങള്‍ക്കും സെമിനാറുകള്‍ക്കും കലാപരിപാടികള്‍ക്കുമുള്ള വേദി എന്നിങ്ങനെയാണ് പ്രദര്‍ശന മേഖല വേര്‍തിരിച്ചിരിക്കുന്നത്.

എല്ലാ വൈകുന്നേരങ്ങളിലും കലാ സാംസ്‌കാരിക പരിപാടികള്‍

മെയ് 18 മുതല്‍ 24 വരെ എല്ലാ വൈകുന്നേരങ്ങളിലും വൈകിട്ട് ആറു മുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.
മെയ് 18ന് വൈകിട്ട് ആറിന് പ്രശസ്ത മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന മിമിക്രിയും ഏഴിന് തകര ദി ലൈവ് മ്യൂസിക് ബാന്റിന്റെ സംഗീത നിശയും അരങ്ങേറും.
19ന് വൈകിട്ട് ആറിന് തേക്കടി ആരണ്യകം ട്രൈബല്‍ സംഘം അവതരിപ്പിക്കുന്ന മന്നാന്‍ കൂത്ത് ആദിവാസി നൃത്തവും രാത്രി ഏഴിന് സജിയും പാറുവും നേതൃത്വം നല്‍കുന്ന കനല്‍ നാടന്‍പാട്ട് സംഘത്തിന്റെ പരിപാടിയും അരങ്ങേറും.
20ന് വൈകിട്ട് ആറിന് ജിഷ്ണു മോഹന്‍ നയിക്കുന്ന വയലിന്‍- ചെണ്ട ഫ്യൂഷനും ഏഴിന് റോഷിന്‍ദാസ് മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന സംഗീതനിശയും.
21ന് വൈകിട്ട് ഏഴിന് പ്രശസ്ത ഗായകന്‍ ഷഹബാസ് അമന്‍ അവതരിപ്പിക്കുന്ന ഷഹബാസ് പാടുന്നു.
22ന് വൈകിട്ട് ഏഴിന് ഈറ്റില്ലം മ്യൂസിക് ബാന്റ് ഷോ.
23ന് വൈകിട്ട് അഞ്ചിന് ആദിത്യ യോഗാ ഡാന്‍സ് അവതരിപ്പിക്കുന്ന പ്രത്യേക നൃത്തപരിപാടി, ആറിന് സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ കാര്‍ത്തിക് അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി, ഏഴിന് ഓടക്കുഴല്‍ വിദ്വാന്‍ രാജേഷ് ചേര്‍ത്തല അവതരിപ്പിക്കുന്ന ഫ്യൂഷന്‍ എന്നിവ അരങ്ങേറും.
സമാപന ദിവസമായ 24ന് വൈകിട്ട് ആറിന് മെന്റലിസ്റ്റ് യദു അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയും ഏഴിന് ആല്‍മരം മ്യൂസിക് ബാന്റിന്റെ സംഗീതനിശയോടുകൂടി കൊടിയിറക്കം.

സെമിനാറുകള്‍

മെയ് 18ന് വൈകിട്ട് മൂന്നിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യസംസ്‌കരണം – സാധ്യതകളും വെല്ലുവിളികളും – ഉദ്ഘാടനം ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ് വേണുഗോപാല്‍ നിര്‍വഹിക്കും.
മെയ് 19ന് രാവിലെ 11ന് കാര്‍ഷികവികസന- കര്‍ഷകക്ഷേമ വകുപ്പിന്റെ നഗരകൃഷിയിലെ നൂതന പ്രവണതകള്‍ – പി എസ് സുപാല്‍ എം എല്‍ എയും ഉച്ചയ്ക്ക് മൂന്നിന് ആരോഗ്യവകുപ്പിന്റെ എല്ലാവര്‍ക്കും ആരോഗ്യം – ജി എസ് ജയലാല്‍ എം എല്‍ എയും ഉദ്ഘാടനം ചെയ്യും.
20ന് രാവിലെ 11ന് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൃഗസംരക്ഷണം- വരുമാനത്തിന്റെ പുതുവഴികള്‍ – സുജിത്ത് വിജയന്‍പിള്ള എം എല്‍ എയും എക്സൈസ് വകുപ്പിന്റെ ജീവിതമാണ് ലഹരി സെമിനാര്‍ നൗഷാദ് എം എല്‍ എയും ഉദ്ഘാടനം ചെയ്യും.
21ന് രാവിലെ 11ന് സംരംഭക വര്‍ഷം 2.0 വ്യവസായവകുപ്പിന്റെ പദ്ധതികള്‍- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും, ഉച്ചയ്ക്ക് മൂന്നിന് മോട്ടോര്‍ വാഹനവകുപ്പിന്റെ റോഡിലെ വരകള്‍ – അറിഞ്ഞതും അറിയേണ്ടതും – എം മുകേഷ് എം എല്‍ എയും ഉദ്ഘാടനം നിര്‍വഹിക്കും.
22ന് രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ആരോഗ്യം ആഹാരശീലങ്ങളിലൂടെ ജീവിതശൈലി രോഗപ്രതിരോധം – മേയര്‍ പ്രസന്ന ഏണസ്റ്റ്, വൈകിട്ട് മൂന്നിന് ക്ഷീരമേഖല – വികസന കാഴ്ചപ്പാടുകള്‍ – ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
23ന് രാവിലെ 11ന് ഫിഷറീസ് വകുപ്പിന്റെ വരാമി- വരുംകാല ചെമ്മീന്‍- ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയും, ഉച്ചയ്ക്ക് മൂന്നിന് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ മഴ മുന്നൊരുക്കം നമുക്കുമാകാം- ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവും നിര്‍വഹിക്കും.
മെയ് 24ന് രാവിലെ 11ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചെറുതല്ല ചെറുധാന്യങ്ങള്‍- ഉദ്ഘാടനം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനും ഉച്ചയ്ക്ക് മൂന്നിന് പോലീസ് വകുപ്പ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അറിഞ്ഞതും അറിയാത്തതും – ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റും ഉദ്ഘാടനം ചെയ്യും.

സമാപനം 24 ന്

ഏഴുദിവസം നീളുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപനസമ്മേളനം മെയ് 24ന് വൈകിട്ട് അഞ്ചിന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും.

അവാര്‍ഡ് വിതരണം
മേളയുടെ മികച്ച കവറേജിന് മാധ്യമങ്ങള്‍ക്ക് പുരസ്‌കാരം നല്‍കും. തീം, വില്‍പന വിഭാഗങ്ങളില്‍ മികച്ച സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡ്, പരിപാടിയുടെ പ്രചാരണാര്‍ഥം നടത്തിയ റീല്‍സ് മത്സരവിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയും സമാപനസമ്മേളനത്തില്‍ വിതരണം ചെയ്യും. പ്രിന്റ്, വിഷ്വല്‍ മാധ്യമത്തിന് സമഗ്ര കവറേജിന് 10000 രൂപ വീതവും വ്യക്തഗത റിപ്പോട്ടിങിനും (പ്രിന്റ്, വിഷ്വല്‍) ഫോട്ടോഗ്രാഫര്‍, (പ്രിന്റ്) ക്യാമറാമാന്‍ (വിഷ്വല്‍) എന്നിവര്‍ക്ക് 5000 രൂപ വീതവും മെമെന്റോയുമാണ് അവാര്‍ഡ്.

വാര്‍ത്താസമ്മേളനത്തില്‍ പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ഹസ്സന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement