സദാനന്ദസ്വാമിയുടെ 99-ാം സമാധിദിനംഫെബ്രുവരി 5ന്

സദാനന്ദപുരം -കേരളത്തിലെ ഹൈന്ദവ നവോത്ഥാന നായകന്‍മാരില്‍ പ്രധാനിയായ അവധൂതാശ്രമം സ്ഥാപകന്‍ സദാനന്ദസ്വാമികളുടെ തൊണ്ണൂറ്റി ഒന്‍പതാമത് ദിനാചരണം ഫെബ്രുവരി 5 ഞായറാഴ്ച കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടക്കും.
കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നൂറ്റി പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്തത് സ്വാമിയായിരുന്നു.
കേരളത്തിലും ഉത്തരഭാരതത്തിലും പര്യടനം നടത്തിയശേഷമായിരുന്നു സദാനന്ദപുരത്ത് അവധൂതാശ്രമവും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചത്.
സദാനന്ദവിലാസം ഔഷധശാല,നെയ്ത്ത് ശാല,പ്രിന്റിംഗ് പ്രസ്,ഗോശാല,റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവ ആശ്രമത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്നു.


അവശജനദ്ധോരണത്തിന് സംഘടന രൂപീകരിച്ച് പോരാട്ടം നയിക്കാന്‍ അയ്യങ്കാളിക്ക് പ്രേരണയായതും സദാനന്ദസ്വാമികളുടെ സമ്പര്‍ക്കമായിരുന്നു.തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് സ്വാമി നടത്തിയ തൊട്ടു കൂടായ്മയ്ക്കെതിരെയുള്ള പ്രസംഗം ശ്രവിച്ച അയ്യങ്കാളി അദ്ദേഹത്തെ വെങ്ങാന്നൂരിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.തുടര്‍ന്നാണ് സാധുജന പരിപാലന യോഗം രൂപീകരിച്ചത്.
സ്വാമിജി കേരളത്തിലും തമിഴ്നാട്ടിലും
ചില്‍സഭകള്‍ രൂപീകരിച്ച് അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയായിരുന്നു.

ചെറുകോല്‍പ്പുഴ ഹിന്ദു മത പരിഷത്ത് സംഘടിപ്പിക്കുന്നതിനായി പമ്പാ മണല്‍ത്തിട്ടകളിലുറങ്ങി പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വാമിയുടെ കഥകള്‍ അഭിമാനത്തോടെയും അത്ഭുതത്തോടെയുമാണ് പഴം തലമുറകള്‍ ഓര്‍ത്തിരുന്നത്.
1099 മകരം 9 തൈപ്പൂയ നാളിലായിരുന്നു സ്വാമി സമാധിയായത്.
ഫെബ്രുവരി 5 ഞായറാഴ്ച
സദാനന്ദസ്വാമി സമാധി പീഠത്തിലും അഗസ്ത്യക്ഷേത്രത്തിലും പ്രത്യേക പൂജകള്‍ നടക്കും .
സ്വാമിയെക്കുറിച്ചുള്ള പുസ്തക പ്രകാശനവും നടക്കും .
ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദഭാരതി, സ്വാമി രാമാനന്ദഭാരതി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Advertisement