ആനയടിയിലെ ഗ്രാമവീഥികൾ ഭക്തിനിർഭരം;വർണാഭം വാഹനഘോഷയാത്ര

ആനയടി: ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നടന്ന വാഹനഘോഷയാത്ര വർണാഭമായി.താലപ്പൊലിയുടെയും ഗജവീരൻ നരസിംഹ പ്രിയൻ ആനയടി ദേവസ്വം അപ്പുവിന്റെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്.ചെണ്ട മേളവും തെയ്യവും പൂക്കാവടിയും മിഴിവേകി.കൊല്ലം ചാത്തൻസിന്റെ അൻപതിൽപ്പരം കലാകാരന്മാർ ഘോഷയാത്രയിൽ അണിനിരന്നു.ദൈവീക കഥാപാത്രങ്ങളുടെ വേഷഭൂഷാദികളിൽ അവർ ആനയടിയിലെ ഗ്രാമവീഥികളെ ഭക്തിനിർഭരമാക്കി.അലങ്കരിച്ച നിരവധി വാഹനങ്ങളും ഉണ്ടായിരുന്നു. സന്ധ്യയോടെ ഘോഷയാത്ര ക്ഷേത്രത്തിൽ സമാപിച്ചു.

കോവിഡ് മഹാമാരിക്കുശേഷം നടക്കുന്ന ഗജമേള ആസ്വദിക്കാൻ ഇക്കുറി ആനപ്രേമികളടക്കം ലക്ഷക്കണക്കിനാളുകൾ എത്തുമെന്നാണ് കണക്കാക്കുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആനയായ തൃക്കടവൂർ ശിവരാജു ഉൾപ്പെടെയുള്ള ഗജവീരന്മാരുടെ ഏക്കതുക തന്നെ ലക്ഷങ്ങൾ കടക്കുമെന്നാണ് അറിയുന്നത്.ഗജമേളയ്ക്ക് മാറ്റുകൂട്ടാൻ തൃശൂർ പൂരം തിരുവമ്പാടി വിഭാഗം പൂര പ്രമാണി വാദ്യകലാരത്നം കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും നടക്കും.

Advertisement