പടിഞ്ഞാറെ കല്ലട നെൽപ്പുരക്കുന്ന് ബണ്ട് റോഡ് മരണ കിടക്കയിൽ, അധികൃതർ ഉറക്കത്തിൽ

പടിഞ്ഞാറെ കല്ലട: കല്ലടയിലെ പ്രധാന റോഡ് അപകടത്തിലായിട്ട് വർഷങ്ങൾ കടപുഴ-കോതപുരം ബണ്ട് റോഡിലെ നെൽപ്പുരക്കുന്ന് സ്കൂളിന് സമീപത്ത് മങ്ങാട്ട് ഭാഗത്തെ റോഡ് ഇടിഞ്ഞ് താഴ്ന്ന് ആറ്റിലേയ്ക്ക് പതിച്ചിരിക്കുകയാണ്. എന്നാൽ ഇത് നന്നാക്കാൻ അധികൃതരുടെ ഭാ​ഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ രം​ഗത്ത്.

ഏറ്റവും അപകടകരമായ അവസ്ഥയിലാണ് കല്ലടയോളം പഴക്കമുള്ള കല്ലടയിലെ പ്രധാന റോഡായ ഈ ആറ്റു ബണ്ട് റോഡ്. ഇടിഞ്ഞു വീഴാറായ റോഡിനെ സംരക്ഷിച്ചു നിർത്തുന്നത് വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തകര വീപ്പ മാത്രമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഒരു സൈഡിൽ മാത്രം ഗതാഗതം അനുവദിച്ചിട്ടുള്ള ഇതുവഴിയാണ് ടിപ്പർ ലോറികൾ പോലുള്ള വലിയ വാഹനങ്ങൾ ചീറിപ്പായുന്നത്.. സ്കൂൾ കുട്ടികൾക്കും കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും അപകടകരമാകുന്ന ഈ ദുരന്ത അവസ്ഥയ്ക്ക് എന്ന് മാറ്റമുണ്ടാകുമെന്നും ഇവർ ചോദിക്കുന്നു.
നാട്ടിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ഈ വിഷയത്തിന് അടിയന്തര പ്രാധാന്യം നൽകി മതിയായ ഇടപെടലുകൾ നടത്തണം…
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അനുയോജ്യമായ കാലാവസ്ഥയാണ് നിലവിലുള്ളത്. ഇനിയൊരു ദുരന്തത്തിന് കാത്ത് നിൽക്കാതെ എത്രയും വേഗം റോഡ് നിർമ്മാണം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Advertisement