താഴെ വീണ പണം എടുത്തു, തിരികെ ചോദിച്ചപ്പോള്‍, ബിയര്‍ കുപ്പി ഉടച്ച് കുത്തി, ജീവന്‍ കിട്ടിയത് ഭാഗ്യം

കൊല്ലം.തര്‍ക്കത്തെ തുടര്‍ന്ന് ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ഇരവിപുരം, തെക്കുംഭാഗം, ഗാര്‍ഫില്‍ നഗര്‍, പുത്തനഴികം തോപ്പില്‍ സാംസണ്‍(40) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം തിരുമുക്കിലുള്ള ബിവറേജസ് ഔട്ട്ലറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ ഇരവിപുരം കാക്കത്തോപ്പ് സ്വദേശി മാക്സണിന്‍റെ പോക്കറ്റില്‍ നിന്നും താഴെ വീണ പണം പ്രതി കൈക്കലാക്കിയിരുന്നു. ഇത് തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.

പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തില്‍ പ്രതി മാക്സണിനെ പിടച്ച് തള്ളുകയും ചീത്ത വിളിക്കുകയും ചെയ്യ്തു. മാക്സണ്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി കൈയ്യില്‍ ഇരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആവര്‍ത്തിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞ് മാറിയതുകൊണ്ട് ജീവന്‍ നഷ്ടമാകാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. മാക്സണിന്‍റെ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളതാണ്. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ദിലീപ്, സിപിഒ വിഷ്ണു, സിപിഒ രതീഷ്മോന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Advertisement