കൊല്ലം പ്രാദേശിക ജാലകം

സെന്റ് ഗ്രിഗോറിയോസ് കോളജിൽ എസ്എഫ്ഐ -കെ എസ് യു സംഘർഷം

കൊട്ടാരക്കര. സെന്റ് ഗ്രിഗോറിയോസ് കോളജിൽ എസ്എഫ്ഐ -കെ എസ് യു സംഘർഷം

അഞ്ച് പേർക്ക് പരുക്കേറ്റതായി കെ എസ് യു. കോളേജ് വിട്ടു വന്ന ഒന്നാം വർഷ വിദ്യാർഥികളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

ശാസ്താംകോട്ട കോളേജിൽ പാഠ്യ പദ്ധതി പരിഷ്കരണ സംവാദം ശനിയാഴ്ച

ശാസ്താംകോട്ട : സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ശാസ്താംകോട്ട കെഎസ്‌എം ഡിബി കോളേജിലെ എൻസിസി,എൻഎസ്‌എസ്‌ യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ശനി ഉച്ചയ്ക്ക് 2മണിക്ക് കോളേജ് സെമിനാർ ഹാളിൽ പാഠ്യ പദ്ധതി പരിഷ്കരണ സംവാദം നടക്കും.സംസ്ഥാന ബാലവകാശ കമ്മീഷൻ അംഗം
റെനി ആന്റണി ഉത്ഘാടനം നിർവഹിക്കും.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.കെ.സി പ്രകാശ് അധ്യക്ഷത വഹിക്കും.കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ.ഡോ.കെ.എസ്‌ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും.എസ്‌ഐഇറ്റി ഡയറക്ടർ ബി.അബുരാജ് വിശ്ഷ്ടാതിഥി ആയിരിക്കും.ശൂരനാട് രാധാകൃഷ്ണൻ മോഡറേറ്ററാകും.താലൂക്കിലെ വിവിധ വകുപ്പ് മേധാവികളും പരിസ്ഥിതി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകരും അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചർച്ചയിൽ പങ്കെടുക്കും.സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ സ്വാഗതം പറയും

കടപ്പാക്കുഴി ടാർമിക്സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തിയാർജിക്കുന്നു

പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ കടപ്പാക്കുഴി ടാർമിക്സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാംഘട്ട സത്യഗ്രഹ സമരം പതിമൂന്ന് ദിവസം പിന്നിട്ടു.പഞ്ചായത്തിലെ വാർഡ്‌ പന്ത്രണ്ടിന്റെ നേതൃത്വത്തിൽ രാവിലെ തറയിൽ കശുവണ്ടി ഫാക്ടറി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കടപ്പാക്കുഴിയിൽ സമാപിച്ചു. തുടർന്ന് നടന്ന സത്യാഗ്രഹസമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം അംബിക കുമാരി അധ്യക്ഷത വഹിച്ചു.

കടപ്പാക്കുഴിയിലെ ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ നടക്കുന്ന സമരം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്യുന്നു

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.സി.ഉണ്ണികൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാൻ,വി.രതീഷ്,കെ.എസ് ഷിബുലാൽ,കൃഷ്ണകുമാർ,സുഭാഷ്, വി.അനിൽ,അച്ഛൻകുഞ്ഞ്, വി.വിജയൻ,പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനം സിപിഎം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗം എൻ.യശ്പാൽ ഉദ്ഘാടനം ചെയ്തു.എ.കൃഷ്ണകുമാർ, പരിസ്ഥിതി പ്രവർത്തകൻ വി.എസ് ശ്രീകണ്ഠൻ നായർ,കെ.രമേശൻ, ജി.വിജയൻ,സുനിത ദാസ്,റജില, സന്തോഷ്‌ ഗംഗാധരൻ,എൽ.സുധർമ്മ, എൽ.ബിന്ദു,ആർ.സി പ്രസാദ്,പി.റ്റി ഗിരീശൻ,ഷാജി ഡെന്നിസ്, എൻ.ഓമനക്കുട്ടൻ പിള്ള,കെ.സുധീർ തുടങ്ങിയവർ സംസാരിച്ചു.

വ്യാപാര കേന്ദ്രങ്ങൾ ആധുനികവത്ക്കരണത്തിന്റെ പാതയിൽ: മന്ത്രി കെ. എൻ ബാലഗോപാൽ

നെടുമൺകാവ്.കാലാനുസൃതമായ മാറ്റത്തോടെ വ്യാപാര കേന്ദ്രങ്ങൾ ആധുനികവത്ക്കരണത്തിന്റെ പാതയിലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ.
നെടുമൺകാവ് പബ്ലിക്ക് മാർക്കറ്റിന്റെയും വ്യാപാര സമുച്ചയത്തിന്റെയും ശിലാസ്ഥാപനത്തിന്റെയും നിർമ്മാണോദ്ഘാടനത്തിന്റെയും സ്വാഗതസംഘം രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം നെടുമൺകാവ് സുരഭി ആഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ മേഖലയിലെ വികസനക്കുതിപ്പിന്
കൂടുതൽ ഹൈടെക് മാർക്കറ്റുകളും വ്യാപാര സമുച്ചയങ്ങളും വ്യാപിപ്പിക്കും. മൂല്യവർധിത മത്സ്യ- കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കാൻ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, വൈസ് പ്രസിഡന്റ്‌ സുമലാൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ജയശ്രീ വാസുദേവൻ പിള്ള, പ്രിജി ശശിധരൻ എന്നിവർ രക്ഷാധികാരികളായും കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. എസ് പ്രശോഭ ചെയർപേഴ്സണായും വൈസ് പ്രസിഡന്റ്‌ ഓമനക്കുട്ടൻ പിള്ള സെക്രട്ടറിയുമായിട്ടുള്ള സ്വാഗതസംഘം രൂപീകരിച്ചു.

നെടുമൺകാവ് പബ്ലിക്ക് മാർക്കറ്റിന്റെയും വ്യാപാര സമുച്ചയത്തിന്റെയും നിർമ്മാണോദ്ഘാടനം ഡിസംബർ 19ന് വൈകിട്ട് നാലു മണിക്ക് നെടുമൺകാവിൽ നടക്കും.

അഞ്ച് കോടി രൂപ ചെലവഴിച്ചാണ് ഹൈടെക് മാർക്കറ്റും വ്യാപാര സമുച്ചയവും നിർമ്മിക്കുക. മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. രണ്ട് ബ്ലോക്കുകളായി 12304.675 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കുക. ഒന്നാം ബ്ലോക്കിൽ താഴെ 12 കടമുറികളും ഒന്നാം നിലയിൽ മൂന്ന് ഓഫീസ് മുറികളും രണ്ടാം നിലയിൽ 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും ഓഫീസ് മുറിയും സജ്ജമാക്കും.
രണ്ടാം ബ്ളോക്കിൽ മത്സ്യ മാർക്കറ്റ്, മത്സ്യവും മറ്റ് ഉത്പന്നങ്ങളും സൂക്ഷിക്കാൻ സെല്ലാർ സംവിധാനം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ചില്ല് റൂം സംവിധാനം, മൂല്യ വർദ്ധിത ഉത്പന്നങ്ങളും മറ്റും ഒരുക്കുന്നതിനായി പ്രിപ്പറേഷൻ റൂം, ഗോഡൗൺ എന്നിവ നിർമ്മിക്കും. മുകളിലത്തെ നിലയിൽ 10 മത്സ്യ സ്റ്റാളുകളും എട്ട് പച്ചക്കറി സ്റ്റാളുകളും തയ്യാറാക്കും.

പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങുന്നതിന് സൗകര്യമുണ്ടാകും. ഡ്രെയിനേജ്, ശുചിമുറികൾ, ചുറ്റുമതിൽ, ഗേറ്റ്, വൈദ്യുതീകരണം, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ളസംഭരണി, സീവേജ്ട്രീറ്റ്‌മെന്റ് പ്ലാന്റ്,പാർക്കിംഗിനുള്ള ക്രമീകരണങ്ങൾ, വാട്ടർ ടാങ്കുകൾ തുടങ്ങിയ സൗകര്യങ്ങളും അനുബന്ധമായി സജ്ജമാക്കും.

ചടങ്ങിൽ കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് പ്രശോഭ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ഓമനക്കുട്ടൻ പിള്ള, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണത്തിനായി കെ എം.എം.എൽ ആക്ഷൻ പ്ലാൻ നടപ്പാക്കും

ചവറ. കെ.എം.എം.എല്ലിന്റെ പരിസരപ്രദേശമായ ചിറ്റൂരില്‍ ഉൾപ്പടെയുള്ള പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിനായി ആക്ഷൻ പ്ലാൻ നടപ്പാക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയുടെ നേതൃത്വത്തിലുള്ള സംയുക്ത സമിതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. ആസിഡ് റീജറേനേഷൻ പ്ലാന്റിന്റെ ആധുനീകരണം, ജിയോട്യൂബ് ഉപയോഗിച്ചുള്ള ഖരമാലിന്യ സംസ്‌ക്കരണം, മലിനീകരണത്തിന് കാരണമായ അയൺ ഓക്സൈഡ് ഉപയോഗിച്ചുള്ള മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണം തുടങ്ങിയവ അടങ്ങുന്നതാണ് ആക്ഷൻ പ്ലാൻ.

ഇതിന്റെ പ്രാഥമിക രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി, സമയബന്ധിതമായ അന്തിമ രൂപരേഖ അടുത്ത ആഴ്ച്ച തയാറാക്കും.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ചന്ദ്ര ബാബു, ഡപ്യൂട്ടി കളക്ടർ റോയ്‌കുമാർ, കെ.എം.എം.എല്‍ എം.ഡി ജെ.ചന്ദ്രബോസ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റ് എൻജിനീയർ എസ്.ശ്രീകല എന്നിവർ പങ്കെടുത്തു.

വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം കുതിച്ചുചാട്ടത്തിന്റെ പാതയിൽ: മന്ത്രി വി. ശിവൻകുട്ടി

അഞ്ചൽ.വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ചിറക് പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. ഇതിന് ഉദാഹരണമാണ് വിദ്യാഭ്യാസ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന ഫിൻലാൻഡ് പോലുള്ള രാജ്യങ്ങളിലെ പ്രതിനിധികൾ കേരള വിദ്യാഭ്യാസ മാതൃക പഠിക്കുന്നതിനായി നമ്മുടെ സംസ്ഥാനത്ത് സന്ദർശനം നടത്തിയത്. ഫിൻലാൻഡ് അംബാസിഡർ അടക്കമുള്ള വ്യക്തികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും അധ്യാപക ശാക്തീകരണം, പ്രൈമറി വിദ്യാഭ്യാസം, ഗണിതശാസ്ത്ര പഠനം, സാങ്കേതികവിദ്യ, വിലയിരുത്തൽ സമീപനം, ഗവേഷണാത്മകമായ പഠനം എന്നീ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ പുത്തൻ മാതൃകകൾ സൃഷ്ടിക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരണത്തോടെ പ്രവർത്തിക്കുന്നതിന് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചു. ലിറ്റിൽ കൈറ്റ് പദ്ധതി ഫിൻലാഡിലേക്ക് വ്യാപിപ്പിക്കും. ഇതിനുവേണ്ട സഹായസഹകരണങ്ങൾ കൈറ്റ് മുഖേന ഉറപ്പാക്കും. ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിൽ ഒന്നാണ് അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നും അദ്ദേഹം പറഞ്ഞു.

2020- 21, 2021- 22 അധ്യയന വർഷങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 525 പ്രതിഭകളെയും മറ്റു മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു.

പ്ലസ് ടു പ്രതിഭാസംഗമം മുൻമന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ സ്കൂൾ വെബ്സൈറ്റ് പ്രകാശനം നടത്തി. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഗോപൻ ചിറക് പ്രതിഭാപരിപോഷണ പരിപാടി ഉദ്ഘാടനം ചെയ്തു അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ സ്കൂൾ ഡയറി പ്രകാശം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം സി.അംബികകുമാരി അക്ഷരജ്യോതി കൈയെഴുത്ത് മാഗസിനുകളുടെ പ്രകാശനം നടത്തി.

പി. എസ് സുപാൽ എം. എൽ. എ അധ്യക്ഷനായി. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, എസ്. എം. സി ചെയർമാൻ കെ.ബാബു പണിക്കർ, സ്കൂൾ പ്രിൻസിപ്പൽ എസ്. മണി, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രൊഫഷണൽ നാടകോത്സവമായ നാടകരാവ് – 2022

, 10 ന് ക്ലാപ്പനയിൽ ആരംഭിക്കും

കരുനാഗപ്പള്ളി: ക്ലാപ്പന പ്രിയദര്‍ശിനി’ കലാ സാംസ്കാരിക വേദിയും ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവമായ നാടകരാവ് 2022 ഡിസംബര്‍ 10ന് ക്ലാപ്പന തോട്ടത്തില്‍മുക്കില്‍ സജ്ജീകരിച്ചിട്ടുള്ള കലാഭവന്‍മണി നഗറില്‍ ആരംഭിക്കുന്നു.

വൈകിട്ട് 5 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍വച്ച് സി. ആര്‍. മഹേഷ് എം. എല്‍. എ. നാടകരാവിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

മനുഷ്യാവകാശ കമ്മീഷൻ ഡിസംബർ 13 ലെ

സിറ്റിംഗ് റദ്ദാക്കി : പകരം 28 ന് നടക്കും

കൊല്ലം :- മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഡിസംബർ 13 ന് കൊല്ലം ഗവ. ഗസ്റ്റ് ഹuസിൽ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി. പകരം ഡിസംബർ 28 ന് രാവിലെ 10.30 ന് കൊല്ലം ഗവ. ഗസ്റ്റ് ഹuസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

വെളിയത്ത് തെരുവ് നായ്ക്കളുടെ ആക്രമണം, വീട്ടമ്മയുടെ ഉപജീവനമാർഗ്ഗമായിരുന്ന
രണ്ട് ആടുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു
ഓയൂർ. തച്ചക്കോട് വള്ളുവട്ടത്ത് കിഴക്കതിൽ വീട്ടിൽ ജഗദമ്മാളുടെ ആടുകളെയാണ് 
കഴിഞ്ഞ ദിവസം രാത്രി പത്തോളം വരുന്ന തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. രാത്രി രണ്ട് മണിയോടെ ആടുകളുടെ നിലവിളി കേട്ട് പുറത്തിറങ്ങിയപ്പോൾ ആണ് പത്തിലധികം തെരുവ് നായ്ക്കൾ ആടുകളെ ആക്രമിക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസവും തൊട്ടടുത്ത വീട്ടിലെ ആടിനെയും പട്ടികൾ കടിച്ചു കൊന്നിരുന്നു.

കൈതക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്ര സന്നിധിയിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു

കൈതക്കോട്. ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ 2022 ഡിസംബർ 5 മുതൽ 11 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞത്തിന്റെ ഭദ്രദീപ പ്രോജ്വലനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എൻ വാസുദേവര് സോമയാജിപ്പാട് നിർവ്വഹിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ശ്രീ എസ് ബാലചന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൾ എൻ എസ് എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ജീ തങ്കപ്പൻപിള്ള ഉദ്ഘാടനം ചെയ്തു സംസാരിച്ചു ,

എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി സി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുകയും, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി പി.സുരേഷ് കുമാർ , ശ്രീജിത്ത് ബി.എസ്, ജീ ഉണ്ണികൃഷ്ണൻ , രാജഗോപാൽ , വി.രാജീവൻ എന്നിവർ സംസാരിച്ചു

Advertisement