ഡ്രാഗൺ ഫ്രൂട്ടും കോളിഫ്‌ലവറും കൃഷി; മണിച്ചൻ ജയിലിൽ പ്രതിദിനം സമ്പാദിച്ചത് 230 രൂപ

തിരുവനന്തപുരം: കല്ലുവതാക്കൽ മദ്യദുരന്തകേസിൽ ജീവപര്യന്തം തടവിൽ കഴിയവെ മണിച്ചൻ ജയിലിൽ സമ്പാദിച്ചിരുന്നത് പ്രതിദിനം 230 രൂപ.

നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ ഡ്രാഗൺ ഫ്രൂട്ടും കോളിഫ്‌ലവറും കൃഷി ചെയ്താണ് മണിച്ചൻ തുക സമ്പാദിച്ചത്. പ്രതിമാസം 6,900 രൂപ കൂലിയിനത്തിൽ മണിച്ചന് ലഭിക്കുമായിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, വിവിധ പച്ചക്കറികൾ എന്നിവ മണിച്ചൻ കൃഷി ചെയ്തിരുന്നു.
2000 ഒക്ടോബറിലാണ് കേസിന് ആധാരമായ സംഭവം ഉണ്ടാവുന്നത്. 2002 ജൂലായിൽ കൊല്ലം ഒന്നാം അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി മണിച്ചനടക്കം 26 പേർ പ്രതികളാണെന്ന് കണ്ടെത്തുകയും 13 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു. 2011 ഏപ്രിലിൽ സുപ്രീംകോടതിയും ജീവപര്യന്തം ശരിവെച്ചതിന് പിന്നാലെ മെയ് 22നാണ് മണിച്ചൻ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ എത്തുന്നത്. ഇവിടെ എത്തിയ മണിച്ചൻ കൃഷിയിൽ തത്പരനാവുകയും മറ്റ് അന്തേവാസികൾക്കൊപ്പം പത്ത് ഏക്കർ സ്ഥലത്ത് കൃഷികൾ ആരംഭിക്കുകയുമായിരുന്നു. മണിച്ചനൊപ്പം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് പേർക്കൂടി കൃഷിയിൽ സഹായിച്ചിരുന്നു. കൂലിയിനത്തിൽ ലഭിച്ചിരുന്ന തുകയിൽ നിന്ന് കാന്റീൻ വിഹിതത്തിന്റെ ബാക്കി കുടുംബത്തിനായി മാറ്റി വെച്ചിരുന്നു.
ഇന്നലെയാണ് മണിച്ചനടക്കം 33 തടവുകാരെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടത്.

Advertisement