‘വിമാനത്തിൽ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ച്‌; മുദ്രാവാക്യം വിളിക്കുമ്പോൾ നാക്ക് കുഴയുന്നുണ്ടായിരുന്നു’: വിശദീകരണവുമായി ഇ പി ജയരാജൻ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ചെന്ന ആരോപണം ഉയരുന്നതിനിടെ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.

വിമാനത്തിൽ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചെന്നാണ് ഇ പി ജയരാജൻ പറയുന്നത്. മുദ്രാവാക്യം വിളിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും ഇ പി പറഞ്ഞു.

വിമാനം ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്നും ജയരാജൻ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജൻ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.

മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

എന്നാൽ, ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നതുകൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്‌നങ്ങൾ ഇല്ല എന്ന് മനസിലായതുകൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.

Advertisement