ഹോണടിച്ച്‌ ‘പായണ്ടെന്ന്’ ഹൈക്കോടതി; കൊച്ചിയിൽ ബസിനും ഓട്ടോറിക്ഷയ്ക്കും നിയന്ത്രണം

കൊച്ചി: നഗരത്തിൽ സ്വകാര്യബസുകൾക്കും ഒട്ടോറിക്ഷകൾക്കും നിയന്ത്രണവുമായി ഹൈക്കോടതി. നഗരപരിധിയിൽ സ്വകാര്യബസുകൾ ഹോൺ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി നിർദേശിച്ചു.

ഉത്തരവ് പുറപ്പെടുവിക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്കും മോട്ടോർ വാഹനവകുപ്പിനും കോടതി നിർദേശം നൽകി.

സ്വകാര്യബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണം. ഓവർടേക്കിങ് പാടില്ല. ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ബാധകമാക്കണം. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗവും നിയന്ത്രിക്കണം. നിശ്ചിത വേഗത്തിൽ കുടുതൽ ബസുകളും ഒട്ടോറിക്ഷകളും ഓടാൻ അനുവദിക്കരുത്. ബസുകൾക്ക് സ്പീഡ് ഗവർണർ ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

ഓട്ടോറിക്ഷകൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജോയിൻറ് ആർടിഒയുടെ ഉത്തരവിനെതിരെ ഏതാനും ഓട്ടോറിക്ഷാ ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് അമിത് റാവലിന്റെ ഉത്തരവ്. ഹർജി പരിഗണിക്കവെ ബസുകളുടെ അമിതവേഗവും വിഷയമായതിനെ തുടർന്നാണ് ബസുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ നിർദേശിച്ചത്.

Advertisement