മുംബൈയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ആറ് ശതമാനം വർദ്ധനവ്; കേരളത്തിലും കൊവിഡ് കേസുകൾ കൂടുന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായ മുംബൈയിൽ കൊവിഡ് കേസുകൾ വ‌ർദ്ധിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ആറ് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് ബ്രിഹൻമുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പരിശോധന വർദ്ധിപ്പിക്കണമെന്ന് അധികൃതർക്ക് കോർപ്പറേഷൻ നിർദേശം നൽകി. പ്രതിദിന രോഗനിരക്ക് വളരെവേഗം വർദ്ധിക്കുകയാണ്. മൺസൂൺ അടുത്തതോടുകൂടി രോഗലക്ഷണങ്ങളോടുകൂടിയുള്ള കേസുകളും ഉയരും. 12നും 18നും ഇടയിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ, ബൂസ്റ്റർ ഡോസ്, എന്നിവ കൂടുതൽ കാര്യക്ഷമമാക്കണം. ആശുപത്രികൾ എപ്പോഴും സജ്ജമായിരിക്കണമെന്നും കോർപ്പറേഷൻ മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിൽ ആശുപത്രിവാസം വർദ്ധിക്കുകയാണെങ്കിൽ മലാഡിലെ ജംബോ ആശുപത്രിയാണ് മുൻഗണനാക്രമത്തിൽ ഉപയോഗിക്കേണ്ടതെന്നും കോർപ്പറേഷൻ നിർദേശിച്ചു.

കഴിഞ്ഞ ദിവസം 506 പുതിയ കൊവിഡ് കേസുകളാണ് മുംബയിൽ സ്ഥിരീകരിച്ചത്. ഈ വർഷം ഏപ്രിലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളേക്കാൾ നൂറ് ശതമാനം വർദ്ധനവ് മേയിൽ രേഖപ്പെടുത്തിയിരുന്നു.

അതേസമയം, കേരളത്തിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1197 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് സ്ഥിരീകരിക്കുന്നതിൽ പകുതിയോളം രോഗബാധിതർ കേരളത്തിലാണെന്ന് കൊവിഡ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 5.50 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ആകെ 81.02 പേർ വാക്സിൻ സ്വീകരിച്ചവരാണ്.

Advertisement