അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷം വ്യാപിക്കുന്നു; അടുത്ത 48 മണിക്കൂറിനുള്ളിൽ കനത്ത മഴയാക്ക് സാധ്യത; കേരള – ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം നിരോധിച്ചു

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷം വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകൾ, മാലിദ്വീപ് , കന്യാകുമാരി മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലേക്കാണ് കാലവർഷം വ്യാപിക്കുന്നത്.

അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കൻ അറബിക്കടൽ, മാലിദ്വീപ്, സമീപത്തുള്ള ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലവർഷം കേരളത്തിലേക്ക് എത്തുന്നത് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം, കേരള – ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഇന്നും നാളെയും കേരള – ലക്ഷദ്വീപ് തീരങ്ങളിലും കേരള തീരത്തും അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് നിരോധനം.

തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement