മഴ കഴിയുമ്പോൾ തെങ്ങിന് കൂമ്പു ചീയൽ; ഫലപ്രദമായ മരുന്നുമായി പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം; ട്രൈകോ ഡെർമ കേയ്കുകൾ വികസിപ്പിച്ച്‌ കാസർകോട് സിപിസിആർഐ

കണ്ണൂർ: വേനൽമഴ കഴിയുമ്പോഴേക്കും നമ്മുടെ തെങ്ങുകളിൽ വ്യാപകമായി കൂമ്പു ചീയൽ രോഗം പ്രത്യക്ഷപ്പെടുവാൻ സാധ്യതയുണ്ട്.

മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും സംസ്ഥാനത്ത് ലഭിച്ച ശക്തമായ വേനൽ മഴയും കൃഷി നാശത്തിന് കാരണമാകാം. പ്രായം കുറഞ്ഞ തെങ്ങുകൾക്കാണ് രോഗ സാധ്യത കൂടുതൽ.

ഈ കാലാവസ്ഥ രോഗകാരിയായ കുമിളിന്റെ തീവ്ര വളർചയ്ക്ക് അനുകൂലമായതിനാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂമ്പിനുള്ളൽ രോഗബാധ ആരംഭിക്കാനിടയുണ്ട്. രോഗ ബാധ കീഴോട്ട് ബാധിച്ച്‌ താഴോട്ട് ഇറങ്ങി വളർച്ച കേന്ദ്രത്തിലെത്തും. അതോടെ തെങ്ങിന് പിന്നീട് വളരുവാൻ കഴിയില്ല. ഒരു മാസത്തിനകം രോഗം ബാധിച്ച തെങ്ങിന്റ കൂമ്പ് മഞ്ഞളിച്ച്‌ ഉണങ്ങും.

ഇളം തെങ്ങുകളിലും ഹൈബ്രിഡ് ഇനങ്ങളിലും സാധാരണയായി കണ്ടുവരുന്ന കുമിൾ രോഗമാണ് കൂമ്പ് ചീയൽ. ഫൈറ്റോഫ് തോറപാമിവോറ എന്ന കുമിൾ ആണ് രോഗത്തിന് കാരണമെന്ന് പഠനത്തിൽ നിന്നും തെളിഞ്ഞിട്ടുണ്ട്. തിരിയോലകൾ ചീഞ്ഞ് തെങ്ങ് പൂർണമായി നശിച്ചു പോകുന്നതിന് കൂമ്പ് ചീയൽ കാരണമാകാറുണ്ട്.

ഈ സാഹചര്യത്തിൽ തെങ്ങിനെ ബാധിക്കുന്ന കൂമ്പ് ചീയൽ തടയാൻ ഫലപ്രദമായ മരുന്ന് കണ്ണൂർ തളിപ്പറമ്പ് പന്നിയൂരുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിൽ തയ്യാറാക്കിയിരിക്കുകയാണ്. കാസർകോട് സിപിസിആർഐയുടെ നേതൃത്വത്തിലാണ് ട്രൈകോ ഡെർമ കേയ്കുകൾ വികസിപ്പിച്ചിരിക്കുന്നത്.

ട്രൈകോ ഡെർമ ഹർസിയാനം എന്ന മിത്ര കുമിളിനെ ചകരിച്ചോറിൽ വളർത്തി ഉണക്കിയെടുത്താണ് ട്രൈകോ ഡെർമ കേയ്ക് നിർമിക്കുന്നത്. ഇത് മഴയ്ക്ക് മുമ്പ് തെങ്ങിന്റെ കൂമ്പിന് തൊട്ടടുത്ത രണ്ട് ഓല കുമ്പിളുകളിൽ നിക്ഷേപിച്ചാൽ മഴക്കാലമാകുന്നതോടെ മിത്ര കുമിൾ വളർന്ന് കൂമ്പ് ചീയലിന് കാരണമാകുന്ന കുമിളിനെ ഫലപ്രദമായി പ്രതിരോധിക്കും.

കാസർക്കോട് സിപിസിആർഐ വികസിപ്പിച്ച ട്രൈകോ ഡെർമ കേയ്ക് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിർമിച്ചാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. ഒരു കേയ്കിന് അഞ്ച് രൂപയാണ് വില.

Advertisement