ആശുപത്രി മാലിന്യം ആമയിഴഞ്ചാൻ തോട്ടിലേക്ക്; കോസ്മോപൊളിറ്റനു മുന്നിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

തിരുവനന്തപുരം: മുറിഞ്ഞപാലത്ത് സ്ഥിതിചെയ്യുന്ന കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിനു സമീപം ആമയിഴഞ്ചാൻ തോട്ടിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി.

ആശുപത്രി മാലിന്യം തോട്ടിലേക്ക് ഒഴുക്കിയതാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.

ആശുപത്രിക്ക് പുറകുവശം പാർക്കിംഗ് ഗ്രൗണ്ട് അവസാനിക്കുന്നിടത്ത് റോഡിനടിയിലൂടെആമയിഴഞ്ചാൻ തോട്ടിലേക്ക് ആശുപത്രിയിൽ നിന്ന് മലിനജലം ഒഴുക്കാനായി ഡ്രൈയിനേജ് സംവിധാനമുണ്ട്. ഇതിനു സമീപം തന്നെയാണ് വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പമ്പ്ഹൗസും സ്ഥിതിചെയ്യുന്നത്. ആശുപത്രിയിൽ നിന്നും ഒഴുക്കിവിട്ട വെള്ളത്തിലെ വിഷാംശമാണ് മരുന്നുകൾ ചത്തുപൊങ്ങാനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

ആശുപത്രിയുടെ മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്ന ഭാഗത്താണ് ഭക്ഷണത്തിനായി മീനുകൾ കൂട്ടത്തോടെ വസിക്കുന്നത്. അതുകൊണ്ടുതന്നെ മാലിന്യത്തോടൊപ്പം ഒഴുക്കിവിടുന്ന രാസപദാർത്ഥങ്ങളും മറ്റും മീനുകൾ ഭക്ഷിക്കുകയും ഗുരുതരമായ രോഗം ബാധിക്കുകയുമാണ് ചെയ്യുന്നതെന്ന് പരിസര വാസികൾ പറയുന്നു. മനുഷ്യാവശിഷ്ടങ്ങളും ശസ്ത്രക്രിയാമാലിന്യങ്ങളുമുൾപ്പെടെ തോട്ടിലേക്ക് നിക്ഷേപിക്കുന്നതായും ആരോപണമുണ്ട്. ശുദ്ധജലസ്രോതസുകളെ നശിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നഗരസഭയും ആരോഗ്യവിഭാഗവും നടപടികൾ സ്വീകരിക്കാത്തത് ദുരൂഹമാണ്. പരാതികളുണ്ടായാൽ ഉടൻതന്നെ ആശുപത്രി ഉടമകൾ ഇടപെട്ട് അധികൃതരെ വേണ്ടതുപോലെ സ്വാധീനിച്ച്‌ ഒതുക്കിത്തീർക്കുകയാണ് പതിവ്. രാസപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം ഒഴുക്കിവിടുന്നതുമൂലം പുഴയിലെ മീനുകളുടെ തലയിൽ ദുർഗന്ധമുള്ള വ്രണം രൂപപ്പെടാറുണ്ടെന്നും സമീപവാസികൾ പറയുന്നു. മീനുകൾ ചത്തുപൊങ്ങി അഴുകിയതിന്റെ ദുർഗന്ധം രൂക്ഷമായതോടെ പരിസരവാസികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാസ്‌കുള്ളതുകൊണ്ടുമാത്രം പിടിച്ചുനിൽക്കുന്നു. വീടിനുള്ളിലിരുന്നുപോലും ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയാണുള്ളതെന്നാണ് ജനങ്ങളുടെ പരാതി. കൂടാതെ പകർച്ചവ്യാധി പടരാനുള്ള സാധ്യതയും നിലനിൽക്കുന്നു. വർഷങ്ങൾക്കുമുമ്പ് മെഡിക്കൽകോളജ് ഹോസ്പിറ്റലിൽ നിന്നുള്ള മലിനജലം ആമയിഴഞ്ചാൻ തോട്ടിലേക്ക് തുറന്നുവിട്ടിരുന്നു. അന്നും ഇതുപോലെ മീനുകൾ ചത്തുപൊങ്ങിയതായി നാട്ടുകാർ ഓർക്കുന്നു.

എന്നാൽ വാർഡ് കൗൺസിലർ കൂടിയായ ഡെപ്യൂട്ടി മേയർ പി.കെ.രാജു പറയുന്നത് തോട്ടിൽ മീൻപിടിക്കാൻ വന്ന ആരോ വിഷം കലക്കിയതാണെന്നും ഇടയ്ക്കിടയ്ക്ക് ഇതുണ്ടാകാറുണ്ടെന്നുമാണ്. ആശുപത്രിയിലെ മാലിന്യമൊഴുക്കിയതാണ് കാരണമെന്നത് വിമർശകർ വെറുതേ പറയുന്നതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Advertisement