27.8 C
Kollam
Friday 23rd October, 2026 | 07:57:06 PM
Home News Kerala വര്‍ക് ഷോപ്പിലെ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച മൂന്നു പേര്‍ പിടിയില്‍

വര്‍ക് ഷോപ്പിലെ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച മൂന്നു പേര്‍ പിടിയില്‍

കൊച്ചി. അരയന്‍കാവില്‍ വര്‍ക്ഷോപ്പിലെ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച മൂ്ന്ന് പേര്‍ പൊലീസിന്റെ പിടിയില്‍. എഴുപതിലേറൈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മുളന്തുരുത്തി പൊലീസ് പ്രതികളെ പിടികൂടിയത്. ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നതിനിടെ അബദ്ധത്തില്‍ തീപിടിച്ചുവെന്നാണ് നിഗമനം.


അരയന്‍ കാവ് വളവുകല്ലില്‍ പ്രവര്‍ത്തിക്കുന്ന ഹന്ന ഓട്ടോമൊബൈല്‍സ് വര്‍ക്ഷോപ്പില്‍ ഓഗസ്റ്റ് പത്തൊന്‍പതിനായിരുന്നു തീപ്പിടുത്തം. രാത്രി പതിനൊന്നേകാലോടെയുണ്ടായ തീപ്പിടുത്തതില്‍ വര്‍ക്ഷോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളാണ് കത്തിനശിച്ചത്. എഴുപതിനായിരത്തിലേറെ രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരും മുന്‍പ് കെടുത്താനായത് ആശ്വാസമായി. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് തീപ്പിടുത്തം മനപ്പൂര്‍വമാണെന്ന് പൊലീസ് ഉറപ്പിച്ചത്. വര്‍ക്ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നാല് പേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. നാല് പേലും ഇട്ടിരുന്ന ബനിയന്‍ ഉപയോഗിച്ച് മുഖം മറച്ച നിലയിലായിരുന്നു. വര്‍ക്ഷോപ്പിലേക്ക് പ്രവേശിക്കുന്നതും ബൈക്കിന് തീപിടിക്കുന്നതും തുടര്‍ന്ന നാല് പേര്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. മുഖം വ്യക്തമല്ലാത്തതിനാല്‍ പൊലീസിന് അന്വേഷണം എളുപ്പമായില്ല. തുടര്‍ന്ന് പരിസരത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

ഈ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ബ്രഹ്‌മമംഗലം സ്വദേശി വിജയ് കൃഷ്ണ, വൈക്കം ഏനാദി സ്വദേശികളായ സാഗര്‍ ബാബു, സംഗീത് സിബി എന്നിവര്‍ പിടിയിലായത്. പിടിയിലായ മൂന്ന് പേര്‍ക്കും പത്തൊന്‍പത് വയസാണ് പ്രായം. ഇവരുടെ കൂടെയുള്ള നാലാമനായി അന്വേഷണം തുടരുകയാണ്. വര്‍ക്ഷോപ്പിലെ ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാനായി എത്തിയതാണ് സംഘമെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ ഇവരുടെ കയ്യില്‍ പ്ലാസ്റ്റിക് കുപ്പികളും കാണാം. ഓരോ ബൈക്കില്‍ നിന്നായി പെട്രോള്‍ ഊറ്റുന്നതിനിടെ തീപ്പിടിച്ചുവെന്നാണ് മൊഴി. തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നാല് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടുതത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here