27.4 C
Kollam
Friday 23rd October, 2026 | 10:38:30 AM
Home News Breaking News സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതിക്കെതിരെ യു എ പി എ ചുമത്തി ; അന്വേഷണം...

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതിക്കെതിരെ യു എ പി എ ചുമത്തി ; അന്വേഷണം എൻ ഐ എ ഏറ്റെടുക്കും

കൊച്ചി :എറണാകുളം കടവുംഭാഗം സിനഗോഗിന് (ജൂതപ്പള്ളി) മുന്നിൽ തീയിട്ട കേസിൽ പ്രതിയായ എബിൻ പോളിനെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ (UAPA) ചുമത്തി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണം, ഭീകരപ്രവർത്തനത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ മുൻനിർത്തി യുഎപിഎയിലെ 16, 18 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഉടൻ തന്നെ ദേശീയ അന്വേഷണ ഏജൻസി (NIA) ഏറ്റെടുക്കും.

ഒക്ടോബർ 12-ന് പുലർച്ചെയാണ് എറണാകുളം മാർക്കറ്റ് റോഡിലെ കടവുംഭാഗം സിനഗോഗിന് മുന്നിലുള്ള നഴ്സറിയുടെ ഫ്ലെക്സ് ബോർഡുകൾക്ക് പ്രതി പെട്രോളൊഴിച്ച് തീയിട്ടത്.

ടെലഗ്രാം വഴിയുള്ള അജ്ഞാതനായ ഒരു ‘ബോസ്’ (വിക്രം) നൽകിയ നിർദ്ദേശപ്രകാരമാണ് താൻ ഇത് ചെയ്തതെന്നാണ് എബിൻ മൊഴി നൽകിയിട്ടുള്ളത്. തീയിടുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇയാൾക്ക് അയച്ചു നൽകുകയും ചെയ്തു.
ക്രിപ്റ്റോ കറൻസി പ്രതിഫലം: ഈ കൃത്യം ചെയ്തതിന് പ്രതിഫലമായി 2 ലക്ഷം രൂപയോളം മൂല്യമുള്ള ക്രിപ്റ്റോ കറൻസി ഡാർക്ക്‌വെബ് / ഡിജിറ്റൽ വാലറ്റ് വഴി എബിന് ലഭിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിനും ആളൊഴിഞ്ഞ കെട്ടിടത്തിനും തീയിട്ടത് താൻ തന്നെയാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ പേരിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രതിക്ക് പങ്കാളിത്തമുണ്ടോയെന്ന കാര്യത്തിലും, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭീകരവാദ ഗ്രൂപ്പുകളുടെ ബന്ധത്തെക്കുറിച്ചും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here