തിരുവനന്തപുരം: വീട്ടിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും കുഴഞ്ഞുവീണ് മരിച്ചു. കോവളം വണ്ടിത്തടം കുരിശടിക്ക് സമീപം ഇടറോഡിൽ താമസിക്കുന്ന സുരേഷ് (44), അയൽവാസി അജി (52) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ബാങ്കിലെ സുരക്ഷാ ജീവനക്കാരനായ സുരേഷ് വൈകിട്ട് ശുചിമുറിയിൽ പോയ ശേഷം ഏറെനേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു.
പ്രധാന റോഡിലേക്ക് ഏകദേശം 150 മീറ്റർ ദൂരമുള്ളതിനാൽ അയൽവാസികൾ ചേർന്ന് സുരേഷിനെ ആംബുലൻസിലേക്ക് എത്തിക്കുന്നതിനിടെയാണ് സഹായത്തിനെത്തിയ അജിയും കുഴഞ്ഞുവീണത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.



























