29.9 C
Kollam
Saturday 5th September, 2026 | 03:29:41 PM
Home News Breaking News കൈ പിടിച്ചു നടത്തിയ ഭാര്യ റുഖിയ അന്ത്യ യാത്രയിലും മജീദ് മാഷിനൊപ്പം, പുതിയ വീട്ടിൽ താമസിച്ച്...

കൈ പിടിച്ചു നടത്തിയ ഭാര്യ റുഖിയ അന്ത്യ യാത്രയിലും മജീദ് മാഷിനൊപ്പം, പുതിയ വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പേ മടക്കം

മലപ്പുറം: ജീവിതത്തിൽ കൈ പിടിച്ചു നടത്തിയ ഭാര്യ റുഖിയയെ അന്ത്യ യാത്രയിലും ചേർത്ത് പിടിച്ചാണ് കുട്ടികളുടെ പ്രിയപ്പെട്ട മജീദ് മാഷ് മടങ്ങുന്നത്. ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാഷിന്റെയും, നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന റുഖിയയുടെയും വേർപാട് നാടിനും തീരാ നോവായി.

Also Read: ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽ ചെന്ന് പിടികൂടി നമ്മുടെ പൊലീസ്, നാട് കയ്യടിക്കുന്നു

അകക്കണ്ണിൽ മാത്രമായിരുന്നു കാഴ്ചയെങ്കിലും ക്ലാസിലെ കുരുന്നുകൾക്ക് ഏറ്റവും പ്രിയപ്പെട്ടതാരെന്നു ചോദിച്ചാൽ മറുപടി ഒരുപോലെ. മജീദ് മാഷ്. പാട്ടു പാടിയും കഥകൾ പറഞ്ഞും മാഷ് കുട്ടികളിൽ ഒരാളാകും. മക്കളില്ലാത്ത വിഷമം മാഷങ്ങനെ മറക്കും .കലോത്സവം ആയാലും വിനോദ യാത്ര ആയാലും മുൻ കൈ എടുക്കുക മജീദ് മാഷ് തന്നെ. ജീവിതത്തിൽ എന്ന പോലെ യാത്രകളിലും മാഷിന്റെകൈ പിടിച്ചു ഭാര്യ റൂഖിയയും ഒപ്പം ചേർന്നു.

അന്ത്യ യാത്രയെന്നറിയാതെ വാൽപ്പാറയിലേക്കുള്ള യാത്രയിലും ആ പതിവ് തെറ്റിച്ചില്ല. പള്ളിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഒരുക്കിയ പന്തലിൽ മാഷും റൂഖിയയും അവസാനമായി എത്തി. കാഴ്ച പരിമിതി നേരിടുന്നവരുടെ സംഘടന നേതാവായി അവകാശ പോരാട്ട രംഗത്തും നിലയുറപ്പിച്ച മജീദ് മാഷിനു അന്ത്യഭിവാദ്യം അർപ്പിക്കാൻ സഹ പ്രവർത്തകരും കാലത്തെ എത്തിയിരുന്നു. ജീവിത സ്വപ്നമായിരുന്ന പുതിയ വീട്ടിലേക്ക് താമസം മാറി രണ്ടു മാസമാകുമ്പോളാണ് അപ്രതീക്ഷിതമായി മരണം ഇരുവരെയും തേടിയെത്തിയത്.