ചെല്ലാനം മത്സ്യ ബന്ധന തുറമുഖത്ത ടോളാണ് ടോൾ, കടലിൽ പോകാതെ തൊഴിലാളികൾ

ചെല്ലാനം. മത്സ്യ ബന്ധന തുറമുഖത്തേക്ക് എത്തുന്ന വള്ളങ്ങൾക്കും, മത്സ്യതൊഴിലാളികൾക്കും ടോൾ ഏർപ്പെടുത്തിയ നടപടിക്കെതിരെ മത്സ്യതൊഴിലാളികളുടെ സമരം ശക്തമാവുന്നു. ടോൾ പിരിവ് കരാറെടുത്തയാളെ  സഹായിക്കാൻ കേരളത്തിൽ ഒരിടത്തും ഇല്ലാത്ത രീതിയിലാണ് ചെല്ലാനത്തെ ടോൾപിരിവെന്നാണ് തൊഴിലാളികളുടെ ആരോപണം. ആറു ദിവസമായി കടലിൽ പോകാതെയാണ് മത്സ്യതൊഴിലാളികൾ പ്രതിഷേധിക്കുന്നത്.



പണിപൂർത്തിയാവാത്ത ചെല്ലാനം ഹാർബറിലാണ് മത്സ്യതൊഴിലാളികളെ ടോളിന്റെ പേരിൽ ദ്രോഹിക്കുന്നത്. പുതിയ നിരക്ക് പ്രകാരം ഓരോ ദിവസവും ഹാർബറിലേക്കെത്തുന്ന ഓരോ തൊഴിലാളിയും ഹാർബറിൽ കയറാൻ  ടോൾ നൽകണം. ഒരു തവണ ടിക്കറ്റെടുത്ത തൊഴിലാളി ഹാർബറിന് പുറത്തിറങ്ങിയാൽ വീണ്ടും അകത്ത് കയറണമെങ്കിൽ പിന്നെയും  ടിക്കറ്റെടുക്കണം. കേരളത്തിൽ ഒരു ചെറുകിട തുറമുഖത്തും ഇല്ലാത്ത ദ്രോഹ നടപടിയെന്ന് തൊഴിലാളികൾ



പുതുക്കിയ ടോൾ നിരക്കുകൾ സാധാരണക്കാരായ മത്സ്യതൊഴിലാളികൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല എന്ന് തൊഴിലാളികൾ നിലപാടെടുത്തു. ഇതോടെ ചെല്ലാനത്ത് നിന്ന് 6 ദിവസമായി വള്ളങ്ങൾ കടലിലേക്ക് പോകാതെ സമരം ആരംഭിച്ചു


ചെല്ലാനത്ത് നടപ്പാക്കുന്ന പുതിയ രീതി ക്രമേണ സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളിലേക്കും വ്യാപിക്കാനാണ് ഹാർബർ എഞ്ചിനിയറിങ് വകുപ്പിന്റെ നീക്കം എന്നും തൊഴിലാളികൾ പറയുന്നു. വിഷയത്തിൽ മന്ത്രി ഇടപെട്ടില്ലെങ്കിൽ സമരത്തിന്റെ രൂപം മാറും എന്നും തൊഴിലാളികൾ പറയുന്നു

Advertisement