തളിപ്പറമ്പ് നാടുകാണിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ മൃഗസഫാരി പാര്‍ക്ക് ഒരുക്കാന്‍ പദ്ധതി

കണ്ണൂർ. തളിപ്പറമ്പ് നാടുകാണിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ മൃഗശാല ഒരുക്കാന്‍ പദ്ധതി. പ്ലാൻ്റേഷൻ കോർപറേഷൻ്റെ അധീനതയിലുള്ള 300 ഏക്കറിലാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ആനിമൽ സഫാരി പാർക്കും ബോട്ടാണിക്കൽ ഗാർഡനും അടങ്ങുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുളളത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

തുറസ്സായ സ്ഥലങ്ങളിൽ വിഹരിക്കുന്ന മൃഗങ്ങളെ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ സഞ്ചരിച്ച് കാണാം. അക്രമസ്വഭാവമുള്ള മൃഗങ്ങളെ കൂട്ടിലടച്ചു വളർത്താനും ബാക്കിയുള്ളവയെ വിഹരിക്കാൻ അനുവദിക്കുകയും ചെയ്യുംവിധമാണ് പദ്ധതി. മൃഗശാലയ്ക്കൊപ്പം ബോട്ടാണിക്കൽ ഗാർഡനും മ്യൂസിയവും ഒരുക്കും. തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ നാടുകാണിയിലാണ് നിർദ്ദിഷ്ഠ പദ്ധതി പ്രദേശം. നിലവിൽ വിവിധ കാർഷിക വിളകൾ കൃഷി ചെയ്യുന്ന എസ്റ്റേറ്റ് കേന്ദ്രമാനദണ്ഡപ്രകാരം പദ്ധതിക്ക് അനുയോജ്യമെന്നാണ് കണ്ടെത്തൽ. എന്നാൽ ബജറ്റിൽ നാമമാത്ര തുകയാണ് നിലവിൽ വകയിരുത്തിയിരിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് രണ്ടു കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ അനുവദിച്ചത്.

റവന്യൂ കൃഷി മൃഗസംരക്ഷണ വകുപ്പുകളെ ഏകോപിപ്പിച്ച് തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കനാണ് ശ്രമം.

മൂന്നുവർഷത്തിനകം പുതിയ മൃഗശാല യാഥാർത്ഥ്യമാക്കാനാകുമെന്നാണ് പ്രഖ്യാപനം. ഉത്തരമലബാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് പദ്ധതി നേട്ടമാകും.

Advertisement