യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചുകളില്‍ സംഘര്‍ഷം

തൃശ്ശൂര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ തൃശ്ശൂര്‍ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജല പീരങ്കി പ്രയോഗത്തിനിടെ പോലീസിന് നേരെ പ്രവര്‍ത്തകരുടെ കല്ലേറും ഉണ്ടായി. ഉച്ചയോടെ തൃശ്ശൂര്‍ ഡി.സി.സി ഓഫീസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കളക്ട്രറ്റ് പടിക്കല്‍ മാര്‍ച്ച് എത്തിയ ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം ആരംഭിച്ചു. ഇത് വിഫലമായതോടെ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണക്ക് ശേഷം പോലീസിന് നേരെ തിരിഞ്ഞ പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം തുടങ്ങി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗത്തിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.അഞ്ച് മിനിറ്റോളം ജലപീരങ്കി പ്രയോഗം നീണ്ടുനിന്നു. പോലീസ് ജലപീരങ്കി പ്രയോഗം അവസാനിപ്പിച്ചതോടെയാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞ് പോയത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ മലപ്പുറത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധം.കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.പിന്നീട് കോഴിക്കോട് -പാലക്കാട് ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.

രാഹുൽ മാങ്കുട്ടത്തിന്റെ ജന്മ നാടായ അടൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഡിവൈഎസ്പി ഓഫീസ് മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു. പോലീസ് ബാരിക്കേഡ് മറിച്ചിടുന്നതിനിടെ വനിതാ പ്രവർത്തകർ ഉൾപ്പെടെ ഓടയിലേക്ക് വീണു. പോലീസുമായി ഏറെനേരം പ്രവർത്തകർ ഉന്തും തള്ളും ഉണ്ടാക്കിയെങ്കിലും പോലീസ് സംയമനം പാലിക്കുകയായിരുന്നു. തുടർന്ന് റോഡ് നടത്താൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അവിടെ നിന്ന് നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിൽ ആയിരുന്നു സമരം

Advertisement