ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും പരിഹാസം; ലോറി ഡ്രൈവറുടെ മരണം, കാർ യാത്രക്കാർക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

നിലമ്പൂർ: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം.

പോത്തുകല്ല് ഞെട്ടിക്കുളം ഓട്ടുപാറയിൽ അനിൽകുമാറിന്‍റെ(54) മരണത്തിലാണ് കുടുംബം കാർ യാത്രികർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പൊലീസ് കാർ യാത്രികരെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. കേസിൽ വിശദമായ അന്വേഷണംആവശ്യപ്പെട്ട് അനിൽകുമാറിന്‍റെ ബന്ധുക്കൾ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ലോറി തട്ടിയ കാറിലെ യാത്രക്കാരോട് ഹൃദ്രോഗിയാണ്, നെഞ്ച് വേദനയെടുക്കുന്നുവെന്ന് പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാൻ തയ്യാറാവാതെ അനിൽകുമാറിനെ തടഞ്ഞ് വെച്ചുവെന്നാണ് പരാതി.

ഡിസംബർ ഒൻപതിന് വൈകിട്ട് നാല് മണിയോടെയാണ് പെരിന്തൽമണ്ണ താഴെപൂപ്പലത്ത് വെച്ച് അപകടം നടക്കുന്നത്. അനിൽകുമാർ ഓടിച്ചിരുന്ന ചരക്ക് ലോറി ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിസാര അപകടത്തെച്ചൊലിയുള്ള വാക്കേറ്റത്തിനിടെ അനിൽകുമാർ കുഴഞ്ഞ് വീഴുകയായിരുന്നു. താനൊരു ഹൃദ്രോഗിയാണെന്നും നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞിട്ടും കാറിലുണ്ടായവർ മുഖവിലയ്ക്കെടുത്തില്ലെന്നും ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞപ്പോൾ സംഘം പരിഹസിക്കുകയാണ് ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.

കാറിലുണ്ടായവർ പൊലീസിൽ വിവരം അറിയിക്കാൻ പോലും തയ്യാറാകാതെ അനിൽകുമാറിനെ തടഞ്ഞുവെച്ച് തർക്കത്തിലേർപ്പെടുകയായിരുന്നു, രണ്ട് മണിക്കൂറിലധികം അനിൽകുമാർ ശാരീരിക അസ്വസ്ഥതകളോടെ വെയിലത്ത് നിൽക്കേണ്ടി വന്നു. കുഴഞ്ഞ് വീണതോടെ കാറിലുണ്ടായിരുന്നർ സ്ഥലം വിട്ടു. ഒടുവിൽ നാട്ടുകാരാണ് അനിലിനെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാർ യാത്രികർ പൊലീസിനെ വിവരമറിയിക്കുകയോ, ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്തിരുന്നെങ്കിൽ അനിൽകുമാറിന്‍റെ ജീവൻ രക്ഷിക്കാനാവുമായിരുന്നു എന്ന് കുടുംബം ആരോപിച്ചു.

താനൊരു ഹൃദ്രോഗിയാണെന്നും ചികിത്സ തേടുന്ന പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിക്കാമോ എന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും കളവ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് അധിക്ഷേപിച്ച് കാർ യാത്രികർ അനിൽകുമാറിനെ തടഞ്ഞ് വെക്കുകയായിരുന്നു. ഒടുവിൽ അവശനായിനിലത്തിരുന്ന അനിൽകുമാർ പിറകോട്ട് കുഴഞ്ഞ് വീണു. ഇതോടെ നാട്ടുകാർ ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ എത്തിക്കാനായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനായേനേ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം ഡിവൈഎസ്പിക്ക് അനിൽകുമാറിന്‍റെ അനന്തരവൻ കെ. ആർ. ജ്യോതിഷ് പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം ശരിയാംവിധം നടക്കുന്നില്ലെന്നാണ് അനിൽകുമാറിന്‍റെ കുടുംബം പറയുന്നത്. അമ്മാവനെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചോ എന്ന് സംശയമുണ്ട്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

Advertisement