വനിതാപ്രവർത്തകർക്ക് മർദനം; സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് യൂത്ത് കോൺ​ഗ്രസ്, രാഹുലിന് പരിക്ക്

തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിവീശിയിട്ടും പിൻമാറാതെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ്ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തടഞ്ഞു. നിലവിൽ രാഹുലിനൊപ്പം വനിതാ പ്രവർത്തകരും സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വനിതാ പ്രവർത്തകരെ വസ്ത്രമടക്കം വലിച്ചു കീറിയതിലാണ് നിലവിലെ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് അടിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ട് പൊലീസ് ബസിന്റെ ചില്ല് തകർത്തു. നിലവിൽ പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺ​ഗ്രസ്.

അതേസമയം, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. പൊലീസിനെതിരെ പ്രവർത്തകർ സംഘടിച്ച് സമരം ശക്തമാക്കുന്ന കാഴ്ചയാണ് കാണുന്നത്. പൊലീസ് ആദ്യഘട്ടത്തിൽ സംയമനം പാലിച്ചെങ്കിലും പിന്നീട് പ്രവ‍ർത്തക‍ർക്കെതിരെ ലാത്തിവീശി അക്രമം ശക്തമാക്കുകയായിരുന്നു. കടകളിൽ വരെ പൊലീസ്കയറി പ്രവ‍ത്തകരെ തല്ലുന്ന പൊലീസിനേയും കണ്ടു. വനിതാ പ്രവ‍ത്തകരെ പൊലീസ് മ‍ർദിച്ചതാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ കൂടുതൽ പ്രകോപിപ്പിച്ചത്. സംഘർഷത്തിൽ പൊലീസിനും പരിക്കുണ്ട്. പരിക്കേറ്റ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.

Advertisement