നരഭോജിയെ തിരഞ്ഞുപിടിക്കാന്‍ വിക്രം എത്തി

വയനാട്. വാകേരി കൂടല്ലൂരിൽ മനുഷ്യനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു. വയനാട് വൈൽഡ് ലൈഫ് 45 എന്ന കടുവയാണ് പ്രജീഷിനെ കൊലപ്പെടുത്തിയത്. കടുവയെ വെടിവെച്ചുകൊല്ലാൻ നടപടികൾ തുടങ്ങിയതായി വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു

13 വയസ്സുള്ള ആൺ കടുവയാണ് പ്രജീഷിനെ കൊന്നതെന്നും കടുവ തുടർച്ചയായി മേഖലയിൽ ഇറങ്ങുന്നുണ്ടെന്നും വനംവകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. മേഖലയിൽ സ്ഥാപിച്ച മൂന്ന് കൂടുകളിൽ ഒന്നിന് സമീപം കടുവ ഇന്നലെ എത്തിയതായി സ്ഥിരീകരിച്ചു. ഈ കൂട് അടഞ്ഞ നിലയിലായിരുന്നു. ക്യാമറ ട്രാപ്പിൽ കുടുങ്ങിയ ദൃശ്യങ്ങൾ വഴിയാണ് വയനാട് വന്യജീവി സങ്കേതത്തിലെ 45 ആം നമ്പർ കടുവയാണെന്നത് തിരിച്ചറിഞ്ഞത്. കടുവയെ .വെടിവെച്ച് കൊല്ലാൻ നടപടിയായി എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.

വനംവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ അരുൺ സക്കറിയ വാകേരിയിൽ എത്തിയിട്ടുണ്ട്. RRT സംഘം 3 ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചിൽ തുടരുകയാണ്. സ്ഥലത്ത് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ എത്തിച്ചു. ഈ മേഖലയിൽ പ്രശ്നം സൃഷ്ടിച്ചതിനെ തുടർന്ന് 2019 മാർച്ചിൽ വനം വകുപ്പ് പിടികൂടി കുങ്കിയാനയാക്കിയ വടക്കനാടൻ കൊമ്പനാണ് വിക്രം. കടുവ ദൗത്യത്തിൽ 2 ആനകളെയും ഉപയോഗിക്കും

Advertisement