വിധി കേൾക്കാതെ കൊലക്കേസ് പ്രതി മുങ്ങി; അമ്പലത്തിൽ തേങ്ങയടിക്കാൻ പോയതാണെന്ന് അഭിഭാഷകൻ

തിരുവനന്തപുരം: കൊലക്കേസിൽ കോടതി വിധി പറയുന്നത് കേൾക്കാൻ നിൽക്കാതെ പ്രതി മുങ്ങി. വിചാരണ പൂർത്തിയായ കേസിൽ കുറ്റക്കാരനാണോ അല്ലയോ എന്നതടക്കമുളള വിധി പറയാനിരിക്കെയാണ് പ്രതി മുങ്ങിയത്. പോത്തൻകോട് കൊയ്ത്തൂർകോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് മുങ്ങിയത്. കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ നേരിടുകയായിരുന്നു.

രാവിലെ ആറാം അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു കേസ് പരിഗണിച്ചപ്പോൾ പ്രതി അമ്പലത്തിൽ തേങ്ങ അടിക്കാൻ പോയിരിക്കുന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതി വീണ്ടും രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും പ്രതി കോടതിയിൽ എത്തിയില്ല. പ്രതിയെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

കൊയ്ത്തൂർക്കോണം സ്വദേശി ഇബ്രാഹിമിനെയാണ് (64) 2022 ജൂൺ 17ന് ബൈജു വെട്ടി പരുക്കേൽപ്പിച്ചത്. മദ്യ ലഹരിയിലായിരുന്ന ബൈജു കൊയ്ത്തൂർക്കോണത്ത് ഒരു കടയിൽ സാധനം വാങ്ങാൻ എത്തി. കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്റെ പണം നൽകാതെ തർക്കമായി. സാധനം വാങ്ങാനെത്തിയ ഇബ്രാഹിം വിഷയത്തിൽ ഇടപെട്ട് സംസാരിച്ചത് ബൈജുവിനെ പ്രകോപിതനാക്കി.

കയ്യിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് ഇബ്രാഹിമിനെ തലങ്ങും വിലങ്ങും വെട്ടി പരുക്കേൽപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ അടുത്ത ദിവസം ഇബ്രാഹിം മരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.

Advertisement