വിവാദങ്ങള്‍ക്കിടെ സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസ്സിന് ശനിയാഴ്ച തുടക്കമാകും

Advertisement

തിരുവനന്തപുരം.വിവാദങ്ങള്‍ക്കിടെ സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസ്സിന് ശനിയാഴ്ച തുടക്കമാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രക്കായി പ്രത്യേക ബസ് സജ്ജീകരിച്ചതുള്‍പ്പെടെ ധൂർത്തെന്ന ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം. നവകേരള സദസ്സിന് ബദലായി യു ഡി എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണാ സദസ്സുകള്‍ ഡിസംബർ രണ്ടിന് ആരംഭിക്കും

കേരളീയത്തിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്നേയാണ് നവ കേരള സദസ്സിലും വിവാദം കനക്കുന്നത്. ഭരണ നിര്‍വഹണത്തിലെ പുതിയ അധ്യായമായി നവകേരള സദസ്സിനെ സർക്കാരും ഇടതുപക്ഷവും ചൂണ്ടിക്കാട്ടുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ധൂർത്തകളിലൊന്നായാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ഒരുകോടിയിലേറെ മുടക്കി ആഡംബര ബസ് തയ്യാറാക്കിയത് ഉള്‍പ്പെടെ പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങളെ ഇടതുമുന്നണി രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും പ്രതിപക്ഷം ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷ വിമർശനങ്ങളെ രാഷ്ട്രീയ പ്രേരിതമായിക്കണ്ട് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ശനിയാഴ്ച മഞ്ചേശ്വരം മണ്ഡലത്തിലാണ് നവകേരള സദസ്സിന് തുടക്കം കുറിക്കുക. ഡിസംബര്‍ 24 ന് തിരുവന്തപുരത്ത് സമാപനം. ഇതിനിടയില്‍ മന്ത്രിസഭ ഒന്നാകെ 140 മണ്ഡലങ്ങളിലുമെത്തി ജനങ്ങളുമായി സംവദിക്കും. വിവിധ മേഖലകളിലെ പ്രമുഖരുമായി സംവാദവും നടക്കും. അതേസമയം, രണ്ടാം പിണറായി സർക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകള്‍ തുറന്നു കാട്ടാന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് കുറ്റവിചാരണാ സദസ് സംഘടിപ്പിക്കും. ഡിസംബര്‍ 2 മുതല്‍ 22 വരെയാണ് പരിപാടി. കുറ്റപത്രം അവതരിപ്പിച്ചുകൊണ്ട് ജനങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്നതാണ് സദസ്സിലെ പ്രധാന പരിപാടി

Advertisement