സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾക്കൊപ്പം വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പഠന ആനുകൂല്യങ്ങളും മുടങ്ങിയെന്ന് പരാതി

Advertisement

മലപ്പുറം. സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾക്കൊപ്പം വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പഠന ആനുകൂല്യങ്ങളും മുടങ്ങി. ഗവേഷണം നടത്തുന്നവർക്ക് ലഭിക്കുന്ന ഫെല്ലോഷിപ്പുകൾ ലഭിച്ചിട്ട് മാസങ്ങളായെന്ന് വിദ്യാർത്ഥികൾ. ഇ ഗ്രാന്റുകൾ ലഭിക്കുന്നില്ലെന്നും പല വിദ്യാർത്ഥികളും പഠനം പാതി വഴിയിൽ നിർത്തേണ്ട അവസ്ഥയാണെന്നും വിദ്യാർത്ഥികൾ പറയുന്നു…

മലപ്പുറം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ 2019 ൽ ഗവേഷക വിഭാഗത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് നൽകാനുള്ള ആകെ ഫെലോഷിപ്പ് തുക 18 ലക്ഷത്തോളം രൂപയാണ്. എറണാകുളം കാലടി സംസ്‌കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് മുടങ്ങിയിട്ട് ആറു മാസം കഴിഞ്ഞു…. സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിലും സമാന അവസ്ഥയാണ്.

അർഹമായ സ്കോളർഷിപ്പുകൾ ലഭിക്കാതായതോടെ പി ജി വിദ്യാർഥികളും ദുരിതത്തിലാണ്. സർവകലാശാലകളിൽ പഠിക്കുന്ന സംവരണ മേഖലയിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പുകൾ കുടിശ്ശിക ആയത് പഠനത്തെ ബാധിച്ചെന്ന് വിദ്യാർത്ഥികൾ പറയുന്നു.

സർവകലാശാലകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന വീഴ്ചകളും സ്‌കോളർഷിപ്പുകൾ വൈകുന്നതിന് കാരണമാകുന്നുണ്ട്. കുടിശ്ശിക പണം വേഗത്തിൽ നൽകാൻ സർക്കാർ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Advertisement