‘ഇതാ തെളിവുകൾ, ഞാൻതന്നെ പ്രതി’; മാർട്ടിൻ അപൂർവ സ്വഭാവമുള്ള പ്രതിയെന്ന് അന്വേഷകർ

കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ കേരള പൊലീസ് കണ്ടെത്തിയ തെളിവുകളും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിന്റെ ആദ്യമൊഴികളും ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചു. മൊബൈൽ ഫോണും ഇന്റർനെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാർട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റൽ ഫിംഗർ പ്രിന്റ് എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗവും പരിശോധിക്കുന്നുണ്ട്.

കുറ്റകൃത്യത്തിൽ മറ്റാരെയും സംശയിക്കാവുന്ന മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ല. സ്ഫോടനം നടത്താൻ ഉപയോഗിച്ച സാധനസാമഗ്രികൾ ശേഖരിച്ചതിനും പണം കൊടുത്തു വാങ്ങിയതിനും ഹോട്ടലിൽ താമസിച്ചതിനുമെല്ലാം ബില്ലുകൾ വാങ്ങി സൂക്ഷിച്ചിരുന്നു. ഓരോ നീക്കവും തീയതിയും സമയവും സഹിതം ഡിജിറ്റൽ ദൃശ്യങ്ങളായി മൊബൈലിൽ റെക്കോർഡ് ചെയ്തതും പൊലീസിനു കൈമാറി.

മാർട്ടിന്റെ ഈ രീതിയുടെ കാരണമാണു കേന്ദ്ര ഏജൻസികൾ ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. മാർട്ടിൻ സമൂഹമാധ്യമം വഴി പുറത്തുവിട്ട മലയാളം, ഹിന്ദി വിഡിയോയിൽ എഴുതിപ്പഠിച്ചു പറയുന്നതിന്റെ സ്വഭാവമുണ്ടോ എന്നും പരിശോധിക്കും.

കേസുമായി ബന്ധപ്പെട്ടു കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്
∙ കേസിൽ ഇതുവരെ കേരള പൊലീസിന്റെ കണ്ടെത്തലുകൾ വസ്തുതാപരമാണ്. സ്ഫോടക വസ്തുക്കൾ ശേഖരിക്കാനും ബോംബ് നിർമിക്കാനും പ്രതി മാർട്ടിൻ പഠിച്ചതിനു തെളിവുണ്ട്. അത് ഒറ്റയ്ക്കു നിർവഹിക്കാനുള്ള ശേഷിയും പ്രതിക്കുണ്ട്.
∙ കുറ്റം ഏറ്റെടുക്കാൻ പ്രതി കാണിച്ച വ്യഗ്രതയിൽ മാത്രമേ അൽപം അസ്വാഭാവികതയുള്ളൂ. പ്രതി പറയുന്ന സംഭവങ്ങളുടെ സമയക്രമം ഏതാണ്ട് കൃത്യമാണ്.

Advertisement