കോൺഗ്രസ് വിട്ടെത്തിയ പി.എസ്.പ്രശാന്തിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാൻ സിപിഎം തീരുമാനം

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി.എസ്.പ്രശാന്തിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാൻ പാർട്ടി തത്വത്തിൽ തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെ കാലാവധി അടുത്ത മാസം അവസാനിക്കും.

കോൺഗ്രസ് വിട്ടു വരുന്നവർക്ക് മെച്ചപ്പെട്ട പദവികൾ നൽകിയാൽ പാർട്ടിയിലേക്ക് കൂടുതൽപേരെ ആകർഷിക്കാനാകുമെന്ന അഭിപ്രായം സിപിഎമ്മിലുണ്ടായി. പ്രശാന്തിന്റെ പ്രവർത്തന രീതികളും പാർട്ടി മുഖവിലയ്ക്കെടുത്തു. രണ്ടു വർഷമാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി. സെക്രട്ടേറിയറ്റ് യോഗത്തിൽ ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രശാന്തിനെ പിന്തുണച്ചു.

2021ലാണ് പി.എസ്.പ്രശാന്ത് കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്. തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മുതിർന്ന നേതാവ് പാലോട് രവി ശ്രമിച്ചെന്നും പാർട്ടി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. പരസ്യ പ്രതികരണത്തിന്റെ പേരിൽ പ്രശാന്തിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോടും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽനിന്ന് മത്സരിച്ച പ്രശാന്ത് 23309 വോട്ടുകൾക്കാണ് ജി.ആർ.അനിലിനോട് പരാജയപ്പെട്ടത്. 2021 നവംബറിലാണ് കെ.അനന്തഗോപൻ ദേവസ്വം ബോർഡ് പ്രസിഡന്റാകുന്നത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.

Advertisement