കാലാവസ്ഥ മോശം, കപ്പൽ സ്ഥിരതയോടെ നിർത്താനായില്ല; വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കിയില്ല

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് കപ്പലിൽ നിന്നു ക്രെയിൻ ഇറക്കുന്ന ദൗത്യം മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ നടത്താനായില്ല. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രവചനമനുസരിച്ച് ഇന്ന് ഇറക്കാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ഇന്നലെ പുലർച്ചെ തന്നെ പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലായെന്നു കണ്ട് ദൗത്യം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഒരുക്കങ്ങൾ ഇന്നലെ പൂർത്തിയാക്കി. കപ്പൽ സ്ഥിരതയോടെ നിർത്താനാകുന്ന അവസ്ഥയിൽ മാത്രമേ ക്രെയിൻ ഇറക്കുന്ന ദൗത്യം നടത്താനാകൂ. കപ്പലിൽ നിന്നു ബെർത്തിലേക്ക് സ്ഥാപിക്കുന്ന താൽക്കാലിക റെയിൽ വഴിയാണ് ഉരുക്കു ചക്രങ്ങളുള്ള ക്രെയിൻ പതിയെ ചലിപ്പിച്ച് ഇറങ്ങുക. ആദ്യം കാൻഡി ലിവർ റെയിൽ മൗൺടഡ് ഗാൻട്രി ക്രെയിൻ(സിആർഎംജി) എന്നറിയുന്ന യാർഡ് ക്രെയിനുകളിലൊന്നാവും ഇറക്കുക. ആദ്യ ക്രെയിൻ ഇറക്കിക്കഴിയുന്നതോടെ ശേഷിച്ചവ ഇറക്കുന്നതിനുള്ള രീതി സംബന്ധിച്ച് ബന്ധപ്പെട്ട സാങ്കേതിക വിഭാഗത്തിനു വ്യക്തത ലഭിക്കും.

ഇതനുസരിച്ച് മറ്റു ക്രെയിനുകൾ സാഹചര്യമനുസരിച്ചു കഴിയും വേഗം ഇറക്കാനാവുമെന്നാണ് കരുതുന്നത്. ഒരു ദിവസം ഒരു ക്രെയിൻ എന്ന നിലയ്ക്കാവും ദൗത്യം. 45– 50 മിനിട്ടുകൾക്കുള്ളിൽ ഒരു ക്രെയിൻ ഇറക്കാം. കപ്പലിലെ 30 അംഗ ക്രൂവും ക്രെയിൻ നിർമാണ കമ്പനിയുടെ ഇന്ത്യയിലെ മേധാവി കൊല്ലം സ്വദേശി സ്വാതി ശശിധരൻ അടക്കമുള്ള മലയാളികളുൾപ്പെട്ട 16 അംഗ എൻജിനീയർമാർ അടങ്ങുന്ന സംഘവും ചേർന്നാണ് ക്രെയിൻ ഇറക്കുന്ന ദൗത്യത്തിനു നേതൃത്വം.

Advertisement