വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്താൽ നോക്കിനിൽക്കണോ? ഞങ്ങൾ പ്രതിരോധിച്ചു, ദൃശ്യങ്ങളുണ്ടല്ലോ: ജയരാജൻ

തിരുവനന്തപുരം: നിയമസഭയിൽ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ, വനിതാ എംഎൽഎമാരെ യുഡിഎഫ് എംഎൽഎമാർ കയ്യേറ്റം ചെയ്തപ്പോൾ പ്രതിരോധിക്കുകയാണ് ചെയ്തതെന്ന വാദവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കൺമുന്നിൽ അവരെ കയ്യേറ്റം ചെയ്യുമ്പോൾ ഞങ്ങൾ നോക്കി നിൽക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്ന് ജയരാജൻ ചോദിച്ചു.

ഞങ്ങൾ ആരും അക്രമത്തിലേക്കു പോയിട്ടില്ല. നിയമസഭ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകേണ്ടത് സ്പീക്കറാണ്. സ്പീക്കർ ഉത്തരവാദിത്തം നിർവഹിക്കാതെ ഡയസ് വിട്ടതോടെ നിയമസഭയിൽ അരക്ഷിതാവസ്ഥ ഉണ്ടായതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരായശേഷം പ്രതികരിക്കുകയായിരുന്നു ജയരാജൻ. കേസ് ഡിസംബർ ഒന്നിലേക്കു മാറ്റി.

‘‘ഇത് നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസാണ്. ആ കേസുമായി ബന്ധപ്പെട്ട പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഈ കേസിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന കാര്യവും കേസ് തന്നെ നിലനിൽക്കില്ലെന്നതും ഞങ്ങളുടെ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കോടതി വാദം കേട്ടു. ഡിസംബർ ഒന്നാം തീയതിയിലേക്ക് കേസ് മാറ്റിവച്ചു.

ഇടതുപക്ഷ വനിതാ എംഎൽഎമാരെ യുഡിഎഫ് എംഎൽഎമാർ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ ഭാഗമായിട്ടു വരേണ്ടതാണ്. ഈ കേസ് ഞങ്ങൾക്കെതിരെ ചുമത്തിയത് ഏകപക്ഷീയമായിട്ടാണെന്നു ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാർ ഞങ്ങൾക്കെതിരെ നടത്തിയ രാഷ്ട്രീയ പകപോക്കലാണ് ഈ കേസ്. എന്താണ് സംഭവിച്ചതെന്ന കാര്യങ്ങളെ ആ സർക്കാർ ശരിയായ നിലയിൽ നിരീക്ഷിച്ചില്ല.

ഞങ്ങൾ ആരും അക്രമത്തിലേക്കു പോയിട്ടില്ല. നിയമസഭ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകേണ്ടത് സ്പീക്കറാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ സ്പീക്കർ സാധാരണ ഗതിയിൽ എല്ലാ കക്ഷി നേതാക്കളെയും വിളിച്ചു രമ്യമായ പരിഹാരം കണ്ടെത്തും. ഇവിടെ ഒരു നിലപാടും സ്വീകരിക്കാതെ സ്പീക്കർ ഇറങ്ങിപ്പോയി. അദ്ദേഹം ഒന്നും പറഞ്ഞില്ല. കക്ഷി നേതാക്കളെ വിളിച്ചില്ല. അന്ന് നിയമസഭയിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളോടു പരിഹാസപൂർണമായ നിലപാടാണു സ്പീക്കർ സ്വീകരിച്ചത്. അതിൽ എംഎൽഎമാർ ക്ഷുഭിതരായി. അതിൽ പ്രതിഷേധം രേഖപ്പെടുത്തി.

ആ പ്രതിഷേങ്ങൾക്കു നേരെ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായി. അവർ തലേന്നുതന്നെ അവിടെ കടന്നുകൂടി ഞങ്ങൾക്കെതിരെ സംഘടിതമായ ആക്രമണം നടത്തി. വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തു. ഞങ്ങളുടെയൊക്കെ കൺമുന്നിൽവച്ച് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്യുമ്പോൾ അതൊക്കെ ഞങ്ങൾ നോക്കിനിൽക്കുമെന്ന് ആരെങ്കിലും ധരിച്ചോ? ഞങ്ങളുടെ എംഎൽഎമാർക്കെതിരെ കയ്യേറ്റം നടന്നപ്പോൾ ഞങ്ങൾ അതിനെ പ്രതിരോധിച്ചിട്ടുണ്ട്.’

ഞങ്ങൾക്ക് സംരക്ഷണം നൽകേണ്ട സ്പീക്കർ അത് നിർവഹിക്കാതെ ഡയസ് വിട്ട് ഇറങ്ങിപ്പോയി. ഇങ്ങനെ ഒരു അരക്ഷിതാവസ്ഥ യുഡിഎഫും സ്പീക്കറും ഉണ്ടാക്കി. അതിനെതിരെ ഞങ്ങൾ പ്രതിഷേധിച്ചു. അതിന്റെ ദൃശ്യങ്ങളൊക്കെ എല്ലാവർക്കും കാണാമല്ലോ’’ – ജയരാജൻ ചൂണ്ടിക്കാട്ടി.

Advertisement