കേരളത്തിൽ വിൽക്കുന്നത് വൃക്ക തകർക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ; അന്വേഷണം ഡീലർമാരിലേക്ക്

കുറ്റിപ്പുറം: വൃക്ക തകരാറിലാക്കുന്ന മേൽവിലാസമില്ലാത്ത സൗന്ദര്യവർധക ലേപനങ്ങൾ വിപണിയിൽ വ്യാപകമാണെന്ന് സ്ഥിരീകരിച്ചതോടെ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം ഇവ വിപണിയിലെത്തിക്കുന്ന ഡീലർമാരിലേക്ക് നിങ്ങുന്നു. മുംബൈയിലെ വ്യാജ വിലാസത്തിലും കേരളത്തിൽ ഇത്തരം ക്രീമുകൾ വിപണനം നടത്തുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

കേരളത്തിലെ മൊത്തവ്യാപാരികളെയും ഇവർ വിൽപന നടത്തുന്ന ഫെയസ് ക്രീമുകളിൽ രേഖപ്പെടുത്തിയ മുംബൈയിലെ സ്ഥാപനത്തെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നതെന്ന് സംശയിക്കുന്ന ‘യൂത്ത് ഫെയ്സ്’, ‘ഫൈസ’ തുടങ്ങിയ ക്രീമുകളിലാണ് അമിത അളവിൽ മെർക്കുറിയും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങൾ ചേർത്തിരിക്കുന്നതായി കോട്ടയ്ക്കലിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികൾ കണ്ടെത്തിയത്.

അമേരിക്കയിലെ ഔദ്യോഗിക വെബ്സൈറ്റായ നാഷനൽ ലൈബ്രറി ഓഫ് മെഡിസിനിലും ഇന്ത്യയിൽ വിപണനം നടത്തുന്ന ഇത്തരം അപകടകരമായ ക്രീമുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഈ ക്രീമുകളിൽ പലതിലും നിർമാണ കമ്പനിയുമായി ബന്ധപ്പട്ട വിവരങ്ങർ രേഖപ്പെടുത്തിയിട്ടില്ല.

ഗ്രാമീണ മേഖലയിലെ കടകളിൽപോലും ലഭ്യമാകുന്ന യൂത്ത് ഫെയ്സ്, ഫൈസ തുടങ്ങിയ നിറം വർധിപ്പിക്കുന്ന ക്രീമുകൾ ഉപയോഗിച്ച മലപ്പുറത്തെ 11 പേർക്കാണ് നെഫ്രോടിക് സിൻ‍‍ഡ്രോം എന്ന വൃക്കരോഗം കണ്ടെത്തിയത്. രോഗം ബാധിച്ച് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച 14കാരിയുടെ നില ഗുരുതരമായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി തുടർച്ചയായി യൂത്ത് ഫെയ്സ് എന്ന പേരിലുള്ള ക്രീം ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ആശുപത്രിയിൽ സമാന രോഗവുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി പിന്നീട് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇവർ ഉപയോഗിച്ചിരുന്ന ക്രീമുകളിലും കമ്പനികളുടെ വിശദ വിവരങ്ങളുണ്ടായിരുന്നില്ല. ഈ ക്രീമുകൾ എങ്ങിനെയാണ് കടകളിൽ എത്തുന്നത് എന്നതിലും ദുരൂഹതയുണ്ട്. ഇതേത്തുടർന്നാണ് അന്വേഷണം ഡീലർമാരിലേക്ക് നീങ്ങുന്നത്.

Advertisement