മോദിയെ തുഗ്ലക് ആയി ചിത്രീകരിച്ച് കേരള ഘടകത്തിന്റെ പോസ്റ്റ്; കോൺഗ്രസിനെ നിരോധിക്കണമെന്ന് ബിജെപി

Advertisement

ന്യൂ‍ഡൽഹി: ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോസ്റ്റർ യുദ്ധം കടുക്കുന്നു. തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് കോൺഗ്രസ് കേരള ഘടകം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റർ ഇട്ടതിനു പിന്നാലെ, കോൺഗ്രസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി രംഗത്തെത്തി.

മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ചിത്രത്തിൽ മോദിയുടെ മുഖം പതിപ്പിച്ചുള്ള ചിത്രമാണ് കോൺഗ്രസ് കേരള ഘടകം പോസ്റ്റ് ചെയ്തത്. ‘‘പ്രിയപ്പെട്ട പ്രധാനമന്ത്രിജി, നിങ്ങൾക്കു പാഠപുസ്തകങ്ങൾ അപ്ഡേറ്റ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ തുഗ്ലക് യുഗം മാറ്റിസ്ഥാപിക്കൂ’’ എന്നും പോസ്റ്റിനൊപ്പം കുറിച്ചിരുന്നു. ഈ പോസ്റ്റ് എക്സിൽ പങ്കുവച്ച മുഖ്താർ അബ്ബാസ് നഖ്‌വി ഇതിനെ, ‘കോൺഗ്രസിനെ അംഗീകരിക്കാതിരിക്കാനും നിരോധനം ഏർപ്പെടുത്താനും യോഗ്യമായ കേസ്’ എന്ന് കുറിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാമായണത്തിലെ രാവണനായി ചിത്രീകരിച്ച് ബിജെപി സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പോസ്റ്റർ യുദ്ധം രൂക്ഷമായത്. പിന്നാലെ വ്യവസായി ഗൗതം അദാനിയുടെ കയ്യിലെ പാവയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിച്ച് കോൺഗ്രസ് പോസ്റ്റർ പങ്കുവച്ചിരുന്നു.

മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രത്തിനൊപ്പം ‘പിഎം നരേന്ദ്ര മോദി അസ് ജുംല ബോയ്, ബിജെപി പ്രസന്റ്സ്’ എന്നെഴുതിയ പോസ്റ്റർ ബുധനാഴ്ച, കോൺഗ്രസ് എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ‘ആരാണ് ഏറ്റവും വലിയ നുണയൻ, ഞാൻ’ എന്നെഴുതിയ മറ്റൊരു പോസ്റ്ററും പങ്കുവച്ചു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുള്ള പോസ്റ്റർ ബിജെപി പങ്കുവച്ചത്.

Advertisement