പശ്ചിമേഷ്യ യുദ്ധമുനമ്പിൽ; ഇസ്രായേലിലേക്ക് 5000 റോക്കറ്റുകൾ തൊ‌ടുത്ത് ഹമാസ്, യുദ്ധത്തിന് തയ്യാറെന്ന് ഇസ്രയേൽ

Advertisement

ടെൽ അവീവ്: പലസ്തീൻ സായുധസംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു.

കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ യുദ്ധത്തിന് തയാറെന്ന് പ്രഖ്യാപിച്ചു. അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ഇന്ന് പുലർച്ചെ തുടക്കമിട്ടത്. തുരുതുരാ റോക്കറ്റുകൾ തൊടുത്ത് ഇസ്രയേൽ നഗരങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

യന്ത്ര തോക്കുകളുമായി അതിർത്തി കടന്ന് ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. ആളുകൾക്കുനേരെ വിവേചനരഹിതമായി ഗ്രനേഡ് ആക്രമണവും വെടിവെപ്പും ഉണ്ടായതായി ഇസ്രയേൽ അറിയിച്ചു. ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ അടിയന്തര ഉന്നത തല യോഗം ചേർന്നു. ഇസ്രയേൽ സൈന്യം യുദ്ധത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് പറഞ്ഞു. അൽ അഖ്‌സ പള്ളിക്കുനേരെ നടന്ന ഇസ്രയേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. മുൻപ് ഹമാസ് പ്രകോപനം സൃഷ്ടിച്ചപ്പോഴൊക്കെ ഇസ്രയേൽ നടത്തിയ തിരിച്ചടികളിൽ നൂറു കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
ഏറെ മാസങ്ങളായി താരതമ്യേന ശാന്തമായിരുന്ന മേഖല പൊടുന്നനെ യുദ്ധ സാഹചര്യത്തിലേക്ക് എത്തിയത് ആഗോളതലത്തിൽ തന്നെ
ആശങ്കയായിട്ടുണ്ട്. വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെട്ടത്തിന് പിന്നാലെയാണ് പലസ്തീൻ സായുധ സംഘം
യുദ്ധസമാന ആക്രമണത്തെ തുടങ്ങിയത് എന്നതും ശ്രദ്ധേയം.

Advertisement