റോസ്‌ലിന്റെ മൃതദേഹത്തിൽ വൃക്കയും കരളുമില്ല; അവയവ വിൽപ്പനയും അന്വേഷിക്കും

പത്തനതിട്ട: ഇലന്തൂർ ഇരട്ടക്കൊലപാതകത്തിലെ ഇരകളുടെ അവയവങ്ങൾ പ്രതികൾ വിൽക്കാൻ ശ്രമിച്ചുവോ എന്നും സംശയം. കൊല്ലപ്പെട്ട റോസ്‌ലിന്റെ മൃതദേഹത്തിൽ വൃക്കയും കരളും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം. മസ്തിഷ്‌കം രണ്ടായി മുറിച്ചതായും കണ്ടെത്തി. ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉണ്ടായതായാണ് ഉന്നത പോലീസ് വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്.

പോസ്റ്റ്‌മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിലും ഡോക്ടറിൽനിന്ന് പോലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. റോസ്‌ലിന്റെ മൃതദേഹത്തിൽ വലത് ഭാഗത്തെ വൃക്ക ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം കരൾ, ശ്വാസകോശം എന്നിവയും ഉണ്ടായിരുന്നില്ല. മാത്രമല്ല, കൊലപ്പെടുത്തിയതിന് ശേഷം ഏറെ നേരത്തിന്‌ശേഷമാണ് ശരീരം മറവ് ചെയ്തത്.

തലച്ചോർ ഭക്ഷിക്കാൻ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഭഗവൽ സിങ്ങിന്റെ മൊഴിയുണ്ട്. മാറിടം ഭക്ഷിച്ചു എന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കരളിന്റെയും വൃക്കയുടേയും കാര്യം മൊഴിയായി പുറത്ത് വന്നിട്ടില്ല. അതുകൊണ്ടാണ് ഈ സാധ്യത പോലീസ് പരിശോധിക്കുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് സുപ്രധാന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഭഗവൽ സിങ്ങിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. അത് പരിഹരിക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണോ നരബലി എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അവയവങ്ങൾ മാറ്റേണ്ടത് വൈദ്യശാസ്ത്രപരമായി പിഴവുകളില്ലാതെയാണ് . എന്നാൽ പ്രതികൾ ഇത്തരത്തിൽ എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്.

Advertisement