ലൈംഗികബന്ധം ഉഭയസമ്മതത്തോടെ; വിവാഹം കഴിച്ചതും മകനുള്ളതും യുവതി മറച്ചുവച്ചു: ഷിയാസിന്റെ മൊഴി

Advertisement

കാസർകോട്: പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നതായി പീഡനക്കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി. നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് ഷിയാസ് പറഞ്ഞു.

ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവർ ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും മൊഴിയിൽ പറയുന്നു. ഷിയാസിനെ ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ ബുധനാഴ്ചയാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽനിന്നു പിടികൂടിയത്. ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽനിന്നു ചെന്നൈയിൽ എത്തിയപ്പോൾ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഷിയാസിനെ കാസർകോട് ചന്തേര സ്റ്റേഷനിൽ എത്തിച്ചത്.

ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയിൽ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർകോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

Advertisement