സ്വർണം വാങ്ങാൻ സമയം തെളിഞ്ഞു; 6 മാസത്തിനിടയിലെ കുറഞ്ഞ നിരക്ക്

Advertisement

ദുബായ്: രാജ്യത്ത് സ്വർണവില കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഗ്രാമിന് 204.25 ദിർഹമാണ് കുറഞ്ഞ വില. വരും ദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടമുണ്ടാകാം. ദസറയും ദീപാവലിയും എത്തുന്ന സാഹചര്യത്തിൽ വില വീണ്ടും വർധിക്കാനുള്ള സാധ്യതയും ഉണ്ട്. സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിപ്പോഴെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

വില ലോക്ക് ചെയ്യാനുള്ള സംവിധാനം പല ജ്വല്ലറികളും പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശക വീസയിൽ എത്തുന്നവർക്കും ഇപ്പോഴത്തെ വിലക്കുറവ് പ്രയോജനപ്പെടുത്താം. പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ചു സ്വർണം വാങ്ങിയാൽ മടക്ക യാത്രയിൽ വിമാനത്താവളത്തിൽ നിന്ന് നികുതിത്തുക തിരികെ വാങ്ങാനും സാധിക്കും. അഞ്ച് ശതമാനമാണ് മൂല്യവർധിത നികുതി. സ്വർണം വാങ്ങുന്ന സമയത്ത് മുടക്കുന്ന ഈ തുക സന്ദർശനം കഴിഞ്ഞു മടങ്ങു പോകുമ്പോൾ തിരികെ ലഭിക്കും.

ഓരോ ദിവസവും വില വർധിക്കുന്ന സാഹചര്യത്തിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണ വിലയെത്തിയത് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താമെന്നു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു. സ്വർണം നിക്ഷേപമായി കാണുന്നവർക്ക് ഇത് സുവർണാവസരമാണ്. 24 കാരറ്റിന് 220.5 ദിർഹവും 21 കാരറ്റിന് 197.75 ദിർഹവും 18 കാരറ്റിന് 169.5 ദിർഹവുമാണ് വില. കഴിഞ്ഞ ആറു മാസത്തിനിടെ ഇത്രയും വില കുറഞ്ഞ സമയം ഉണ്ടായിട്ടില്ല. പരമാവധി സ്വർണ വിൽപന നടത്താനുള്ള പ്രചാരണ പരിപാടികൾ ജ്വല്ലറികൾ ആരംഭിച്ചു.

Advertisement